താന്‍ ഹിന്ദുമത വിശ്വാസിയാണ്; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഗാനഗന്ധര്‍വന്‍

  • Post category:news
  • Reading time:2 mins read
You are currently viewing താന്‍ ഹിന്ദുമത വിശ്വാസിയാണ്; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഗാനഗന്ധര്‍വന്‍

തിരുവനന്തപുരം: ‘ഗുരുവായൂരമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പാടും….’ ഇത് ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ വളരെക്കാലത്തെ ആഗ്രഹമാണ്. ആയിരക്കണക്കിന് ഭക്തിഗാനം പാടിയിട്ടും പക്ഷേ ഇനിയും ഗുരുവായൂരപ്പന്‍ ഗായകന്റെ വിളികേട്ടില്ല. ഇപ്പോഴിതാ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ യേശുദാസ് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. ഗോപകുമാരനും പത്മനാഭനും സാക്ഷാല്‍ വിഷ്ണു തന്നെയെന്ന നിര്‍വൃതിയില്‍ അടയാനാണ് യേശുദാസിന്റെ ശ്രമം. ഇതിനായി താന്‍ ഹിന്ദുമത വിശ്വാസിയാണെന്ന് രേഖാമൂലം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം യേശുദാസ് പത്മനാഭ സ്വാമി ക്ഷേത്ര അധികൃതര്‍ക്ക് അയച്ചതായാണ് വിവരം. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ രതീശനാണ് പ്രത്യേക ദൂതന്‍ വഴി യേശുദാസ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഈമാസം 30നു വിജയദശമി നാളില്‍ പ്രവേശിക്കാന്‍ അനുമതി തരണമെന്നാണ് അപേക്ഷയിലുള്ളത്. ഹൈന്ദവധര്‍മ്മം പിന്തുടരുന്നവരാണെന്ന സാക്ഷ്യപത്രം നല്‍കിയോ രാമകൃഷ്ണമിഷന്‍,ഹരേരാമ ഹരേകൃഷ്ണ തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള സാക്ഷ്യപത്രം സമര്‍പ്പിച്ചലോ ഇവിടെ പ്രവേശനം നേടാം.അമേരിക്കയില്‍ നിന്ന് അയച്ച സത്യവാങ്മൂലം തിങ്കളാഴ്ച ചേരുന്ന ക്ഷേത്ര ഭരണസമിതി ചര്‍ച്ച ചെയ്യും. യേശുദാസിന് അനുമതിയും നല്‍കാനാണ് സാധ്യത. ഇതോടെ ക്ഷേത്രത്തിനുള്ളില്‍ ഗാനാലാപനത്തിന് യേശുദാസിന് അവസരം ഒരുങ്ങും. കഴിഞ്ഞ ദിവസമാണ് മതിലകം ഓഫീസില്‍ യേശുദാസിന്റെ സത്യവാങ്മൂലം കിട്ടിയത്. സ്വാതിതിരുന്നാല്‍ മഹാരാജാവ് രചിത്ത പത്മനാഭ ശതകം ക്ഷേത്രത്തിനുള്ളില്‍ യേശുദാസ് ആലപിക്കുമെന്നാണ് സൂചന. ക്ഷേത്ര കല്‍മണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ യേശുദാസിന്റെ കച്ചേരി നടക്കും.അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം യാഥാര്‍ത്ഥ്യമാക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സത്യവാങ്മൂലം എഴുതി നല്‍കാതെ തന്നെ ക്ഷേത്രങ്ങളില്‍ എല്ലാ വിശ്വാസികളേയും പ്രവേശിപ്പിക്കാനാണ് ചര്‍ച്ചകള്‍. നേരത്തെ യേശുദാസ് ഹിന്ദുമതം സ്വീകരിച്ചതായി സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. യേശുദാസ് ഹിന്ദുമതത്തിലേക്ക് മടങ്ങിയതായി ട്വിറ്ററിലൂടെ അറിഞ്ഞെന്നും വാര്‍ത്ത ശരിയാണെങ്കില്‍ എല്ലാ ഹൈന്ദവരും അദ്ദേഹത്തെ ഒന്നായി നിന്നു സ്വാഗതം ചെയ്യണമെന്നമായിരുന്നു ബിജെപി നേതാവ് കൂടിയായ സുബ്രഹ്മണ്യസ്വാമിയുടെ വെളിപ്പെടുത്തല്‍. ജനനം ക്രൈസ്തവനായിട്ടാണെങ്കില്‍ യേശുദാസ് ഹൈന്ദവ രീതികളാണ് പിന്തുടര്‍ന്ന് പോന്നത്. മൂകാംബിക ക്ഷേത്രത്തിലാണ് പിറന്നാള്‍ ആഘോഷിക്കുന്നത്. പ്രധാന ക്ഷേത്രങ്ങളില്‍ എല്ലാം പോവുകയും ചെയ്യും. ഗുരുവായൂരില്‍ പ്രവേശിക്കുകയാണ് തന്റെ സ്വപ്നമെന്നും പറഞ്ഞിട്ടുണ്ട്. യേശുദാസിന്റെ ആഗ്രഹത്തിന് മതമെന്ന വേലിക്കെട്ടാണ് തടസമായിരുന്നത്. ഏറ്റവും മികച്ച കൃഷ്ണ സ്തുതികള്‍ ആലപിച്ചിട്ടുള്ള യേശുദാസിന്റെ ആഗ്രഹം എന്ന് സഫലമാകും എന്ന കാര്യം ആര്‍ക്കും പറയാനാകുന്നില്ല. എങ്കിലും അദ്ദേഹം പ്രതീക്ഷ കൈവിടുന്നില്ല.

 

0Shares