ഡി സിനിമാസ് തിയേറ്റര്‍ കേസില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി; കയ്യേറ്റം നടന്നിട്ടില്ലെന്ന വിജിലന്‍സിന്റെ ത്വരിതപരിശോധനാ റിപ്പോര്‍ട്ട് കോടതി തള്ളി

  • Post category:news
  • Reading time:1 min read
You are currently viewing ഡി സിനിമാസ് തിയേറ്റര്‍ കേസില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി; കയ്യേറ്റം നടന്നിട്ടില്ലെന്ന വിജിലന്‍സിന്റെ ത്വരിതപരിശോധനാ റിപ്പോര്‍ട്ട് കോടതി തള്ളി

തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയേറ്റര്‍ സമുച്ചയത്തിന്റെ നിര്‍മാണത്തിനായി പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കയ്യേറ്റം നടന്നിട്ടില്ലെന്ന വിജിലന്‍സിന്റെ ത്വരിതപരിശോധനാ റിപ്പോര്‍ട്ട് കോടതി തള്ളി. മുന്‍ ജില്ലാ കലക്ടര്‍ എം.എസ് ജയ, നടന്‍ ദിലീപ് എന്നിവര്‍ക്കെതിരെ പൊതുപ്രവര്‍ത്തകരന്‍ പി.ഡി ജോസഫ് നല്‍കിയ പരാതിയിലാണ് അന്വേഷണം. ഡി സിനിമാസ് തിയേറ്റര്‍ സമുച്ചയത്തിന്റെ നിര്‍മാണത്തിനായി മുപ്പത്തിയഞ്ച് സെന്റ് പുറമ്പോക്ക് ഭൂമി കയ്യേറിയെന്നായിരുന്നു കോടതിക്ക് മുന്നിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജിയിലെ ആരോപണം. ദിലീപിനു പുറമെ മുന്‍ ജില്ലാ കലക്ടര്‍ എം.എസ് ജയയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയില്‍, കോടതിയുടെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്നും മുന്‍ ജില്ലാ കലക്ടറുടെ നടപടി നിയമപരമാണെന്നുമായിരുന്നു അതിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പാടെ തള്ളിക്കളയുകയും പരാതിക്കാരന്‍ സമര്‍പ്പിച്ച രേഖകള്‍ കണക്കിലെടുക്കുകയും ചെയ്ത കോടതി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. റവന്യൂ രേഖകള്‍ പരിശോധിച്ചും സ്ഥലം അളന്നുമായിരുന്നു വിജിലന്‍സ് ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞതോടെ പ്രാഥമിക തലം മുതല്‍ തുടരന്വേഷണം നടത്താനാണ് സാധ്യത. സ്വാതന്ത്യത്തിനു മുമ്പ് തിരുക്കൊച്ചി ഗവണ്‍മെന്റ് വഴി ചാലക്കുടിയിലെ സ്വകാര്യ ദേവസ്വത്തിന് ലഭിച്ച ഭുമി എട്ട് ആധാരങ്ങളിലൂടെ ദിലീപ് സ്വന്തമാക്കി എന്നാണ് പരാതിക്കാരന്റെ ആരോപണം. ഉന്നത തലഉദ്യോഗസ്ഥ സഹായവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് പി.ഡി ജോസഫ് വ്യക്തമാക്കുന്നത്.

0Shares