
കോട്ടയം: കോട്ടയം എം.പി ജോസ് കെ മാണിയുടെ ഭാര്യ എഴുതിയ പുസ്തകത്തില്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വെച്ച് തന്നെ അപമാനിച്ചെന്ന് തുറന്നു പറഞ്ഞത് കോട്ടയം രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് ഉയര്‍ത്തുന്ന വിവാദമായി മാറിയിരുന്നു. ഈ വിവാദം പി.സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജിലേക്കാണ് എത്തി നിന്നതും. എന്നാല്‍ തന്റെ മകനല്ല നിഷയെ അപമാനിച്ചതെന്ന് പറഞ്ഞ് പി.സി ജോര്‍ജും നേരിട്ട് രംഗത്ത് വന്നു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതെ അപമാനിച്ചത് ആരാണെന്ന് വെളിപ്പെടുത്തണം. നിഷാ ജോസിന്റെ ആരോപണത്തിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു.
തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കുള്ള യാത്രയിലാണ് നേതാവിന്‍റെ മകന്‍ തന്നോട് മോശമായി പെരുമാറിയതായി നിഷ പറയുന്നത്. പുസ്തകത്തില്‍ നേതാവിന്‍റെ മകനെ കുറിച്ചു അവര്‍ നല്‍കുന്ന സൂചനകള്‍ ഇങ്ങനെയാണ്:
”തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്‍റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നും പറഞ്ഞു. ട്രെയിനില്‍ കയറിയ അയാള്‍ അടുത്തു വന്നിരുന്നു സംസാരം തുടര്‍ന്നു. സഹികെട്ടപ്പോള്‍ ടി.ടി.ആറിനോട് പരാതിപ്പെട്ടു. ടി.ടി.ആര്‍ നിസ്സഹായനായി കൈമലര്‍ത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കില്‍ ഇടപെടാന്‍ എനിക്കു പേടിയാണ് എന്നായിരുന്നു ടി.ടി.ആറിന്റെ മറുപടി.

‘നിങ്ങള്‍ ഒരേ രാഷ്ട്രീയ മുന്നണിയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ ഇത് ഒടുവില്‍ എന്‍റെ തലയില്‍ വീഴും’ ഇങ്ങനെ പറഞ്ഞ് ടി.ടി.ആര്‍ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികന്‍ ശല്യപ്പെടുത്തല്‍ തുടര്‍ന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാല്‍പാദത്തില്‍ സ്പര്‍ശിച്ചു. അതോടെ അടുത്തുനിന്നു പോകാന്‍ അയാളോട് കര്‍ശനമായി പറഞ്ഞെന്നും വീട്ടില്‍ എത്തിയശേഷം ഇക്കാര്യം ഭര്‍ത്താവ് ജോസ് കെ. മാണിയെ അറിയിച്ചെന്നും പുസ്തകത്തില്‍ പറയുന്നു.”
നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് ഈ തുറന്നു പറച്ചിലുണ്ടായത്. നിഷ തുറന്നു പറഞ്ഞ കാര്യം പുറത്തുവന്നതോടെ കോട്ടയത്തെ ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ മകന്‍ ആരാണെന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു. പേര് പറഞ്ഞില്ലെങ്കിലും കൃത്യമായ സൂചനകളാണ് നിഷ തന്നെ പുസത്കത്തില്‍ നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ നിഷയുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നതോടെ പലരും വിരല്‍ ചൂണ്ടിയത് പി. സി ജോര്‍ജ്ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിനെതിരെയാണ്.
