
മലപ്പുറം: ജുവൈരിയ വധക്കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 70,000 രൂപ പിഴയും ശിക്ഷ. പെരിന്തല്‍മണ്ണയിലെ അബ്ദുറഹിമാന്‍ (60)നെയാണ് മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കൊലപാതക കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും, കവര്‍ച്ചക്ക് ജീവപര്യന്തം തടവുമാണ് ശിക്ഷ.
തെളിവ് നശിപ്പിച്ച കുറ്റത്തിന് ഏഴുവര്‍ഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലങ്കില്‍ ഒരുവര്‍ഷംകൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. സെഷന്‍സ് ജഡ്ജി എ വി നാരായണന്റേതാണ് വിധി. ദൃക്സാക്ഷികള്‍ ഇല്ലാത്ത ഈ കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രം അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്.

അബ്ദുറഹിമാൻ്റെ ഭാര്യാ സഹോദരിയാണ് കൊല്ലപ്പെട്ട ജുവൈരിയ. 2015 ആഗസ്റ്റ് ആറിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ജുവൈരിയ്യയുടെ എടയൂര്‍ പൂക്കാട്ടിരിയിലുള്ള വീട്ടില്‍ നിന്നും ഏഴ് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും പ്രതി മോഷ്ടിച്ചിരുന്നു. സംഭവത്തില്‍ ജുവൈരിയ സത്യം മനസ്സിലാക്കിയതാണ് കൊലപാതകത്തിന് കാരണം.
വളാഞ്ചേരി സി.ഐ കെ ജി സുരേഷ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. 42 സാക്ഷികളുള്ള കേസില്‍ 23 പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 55രേഖകളും എട്ട് തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന്‌വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വാസു ഹാജരായി.
