കോഴിക്കോട്: തൃശ്ലൂര്‍ പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കോഴിക്കോട് നാദാപുരത്തെ വീട് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. ജിഷ്ണുവിന്റെ മാതാപിതാക്കളെ മന്ത്രി ആശ്വസിപ്പിച്ചു. തന്റെ മകന് കോപ്പിയടിക്കേണ്ട ആവശ്യമില്ലെന്നും നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ജിഷ്ണുവെന്നും അമ്മ മന്ത്രിയോട് പറഞ്ഞു.

മകന്റെ ശരീരത്തിലെ മുറിവുകളും മര്‍ദനത്തിന്റെ പാടുകളിലും ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍ മന്ത്രിയോട് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്ക് ഉറപ്പു നല്‍കി. അതേസമയം, സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലേക്ക് മാനേജ്‌മെന്റുകള്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സ്വാശ്രയ മാനേജ്‌മെന്റിന് എതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രഖ്യാപിച്ച സമരം പിന്‍വലിക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മാനേജ്‌മെന്റ് അസോസിയേഷന്റെ നിലപാട് അറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.