കാസര്‍കോട്: കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിപിസിആര്‍ഐയില്‍ പങ്കെടുത്ത ഔദ്യോഗിക പരിപാടികളില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നത് സംബന്ധിച്ച് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. ഔദ്യോഗിക ചടങ്ങുകള്‍ക്കെത്തിയ കേന്ദ്രമന്ത്രിയെ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ജില്ലാ കലക്ടറോ, എ.ഡി.എമ്മോ ആരും തന്നെയെത്താതെ അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്. കേന്ദ്രമന്ത്രിക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നതിലും പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചകള്‍ സംഭവിച്ചു. കേന്ദ്രമന്ത്രി ജില്ലയിലെത്തുമ്പോള്‍ നല്‍കേണ്ട ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാന്‍ പോലീസ് ആദ്യം സജ്ജമായിരുന്നില്ല.
ചന്ദ്രഗിരി ഗസ്റ്റ് ഹൗസില്‍ വെച്ച് മന്ത്രിക്ക് നല്‍കേണ്ട ഗാര്‍ഡ് ഓഫ് ഓണര്‍ കേന്ദ്രീയ വിദ്യാലയത്തിന്റെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ് കിസാന്‍ മേള ഉദ്ഘാടനത്തിന് വരുന്ന വഴിക്കാണ് അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞ് നിര്‍ത്തി പോലീസ് നല്‍കിയത്. ജില്ലയിലെത്തിയ കേന്ദ്രമന്ത്രിയെ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകളാണ് സംഭവിച്ചതെന്ന് പരാതിയില്‍ ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
ജില്ലാ കലക്ടറോ, എ.ഡി.എമ്മോ എത്തിയില്ല; കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക പരിപാടിയില്‍ പ്രോട്ടോകോള്‍ ലംഘനം