
കാസർകോട്: സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റ് ആയിരം ദിനം പൂര്‍ത്തിയാക്കുമ്പോഴേക്കും സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, കാര്‍ഷിക മേഖലകള്‍ തുടങ്ങി സമസ്തമേഖലകളിലും ബൃഹത്തായ വികസന പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് റവന്യൂ- ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മന്ദിരത്തിൻ്റെ ശിലാസ്ഥാപനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിൻ്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ നിര്‍മിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം, കരിയര്‍ ഗൈഡന്‍സ് സെന്റര്‍, കന്നഡ വിവര്‍ത്തന സെല്‍ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.

സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിപാടികള്‍ എല്ലാം തത്സമയം ജനങ്ങളിലേക്ക് എത്തിക്കുന്നത് ഇന്‍ഫര്‍മേഷന്‍ വകുപ്പ് മുഖേനയാണ്. കൂടാതെ സര്‍ക്കാറിനും ജനങ്ങള്‍ക്കും ഇടയിലുള്ള മധ്യവര്‍ത്തിയാണ് ഈ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ഈ ഉത്തരവാദിത്തങ്ങള്‍ സമയബന്ധിതമായും വസ്തുനിഷ്ഠമായും നിറവേറ്റുന്നു. വകുപ്പിൻ്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. റവന്യൂ വകുപ്പ് അനുവദിച്ച പത്തു സെന്റ് സ്ഥലത്താണ് 1.76 കോടി രൂപ ചിലവില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിൻ്റെ പുതിയ കെട്ടിടം നിർമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പി കരുണാകരന് എം.പി അധ്യക്ഷനായി. കെ കുഞ്ഞിരാമന് എം.എല്‍.എ സംസാരിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി.എസ് രാജശേഖരന് പദ്ധതി വിശദീകരണം നടത്തി. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.രാജേഷ് ചന്ദ്രന് ടെക്നിക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ഡി.എം എന്‍.ദേവീദാസ്, ഐ ആന്‍ഡ് പി ആര് ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി അബ്ദുള്‍ ഖാദര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ഹബീബ് റഹ്മാന്, സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ബാലന് മാണിയാട്ട്, എച്ച് എ എല്‍ എ ജി എം സി.എ റാവു, പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി, അഡ്വ ഗോവിന്ദന് പള്ളിക്കാപ്പില്‍, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, കെ.വി യുധിഷ്ഠിരന്, മാട്ടുമ്മല്‍ ഹസ്സന്, തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന് നന്ദിയും പറഞ്ഞു. 