
കാസര്‍കോട്: ജില്ലയിലെ മാലിന്യത്തിനുപോലും ജാതിയും മതവുമുണ്ടെന്ന വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കാസര്‍കോട് കളക്ടര്‍ ഡി. സജിത് ബാബു. ആരുടെയെങ്കിലും വികാരത്തെ തന്‍റെ പരാമര്‍ശം വേദനിപ്പിച്ചെങ്കില്‍ മാപ്പു പറയുന്നതായും പ്രസ്താവന പിന്‍വലിക്കുന്നതായും താന്‍ ഇങ്ങനെയല്ല ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദീകരണക്കുറിപ്പിട്ടതിന് പിന്നാലെയാണ് വിവാദപരാമര്‍ശത്തില്‍ കളക്ടര്‍ മാപ്പു പറഞ്ഞത്. തെരഞ്ഞെടുപ്പ് കാലത്ത് വംശീയ പരാമര്‍ശം നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്തത് ചൂണ്ടിക്കാട്ടിയുള്ള അഡ്വ.ശൂക്കൂറിന്‍റെ കമന്റിന് മറുപടിയായിട്ടാണ് കളക്ടര്‍ മാപ്പ് പറഞ്ഞത്.

ഈ വാകമരച്ചോട്ടില്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച ‘കലാപം’ സാഹിത്യ ക്യാംപില്‍ സംസാരിക്കവെയാണ് കളക്ടര്‍ കാസര്‍കോടിനെ മതപരമായി ആധിക്ഷേപിതെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. കളക്ടര്‍ പ്രസ്താവന പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നിരുന്നു.
കാസര്‍കോട് ജില്ലയിലെ മാലിന്യത്തിന് പോലും ജാതിയും മതവും രാഷ്ട്രീയവുമുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം അത് വലിയ തിരിച്ചറിവാണ്. ഇവിടുത്തെ സാമൂഹ്യപരവും മതപരവുമായ പ്രശ്നങ്ങളില്‍ വേയ്സ്റ്റിന് പങ്കുണ്ടെന്നുമായിരുന്നു കളക്ടറുടെ പ്രസ്താവന. കാസര്‍കോട് പട്ടിയെയും പന്നിയെയും വളര്‍ത്താന്‍ കഴിയാത്തത് മാലിന്യം പെരുകുന്നതിന് കാരണമാണെന്നും കളക്ടര്‍ പറഞ്ഞിരുന്നു.
