കാസര്‍കോട്: ജാനകി വധക്കേസിലെ മുഖ്യപ്രതി അരുണിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് പോലീസിന് കൈമാറി ചീമേനിയിലെത്തിച്ചു. വ്യാഴാഴ്ച രാത്രിയോടെ പ്രവാസി കൗണ്‍സില്‍ അംഗം സുബൈറിനൊപ്പം അരുണ്‍ കരിപ്പൂരിലെത്തിയത്. പിന്നീട് വിവരം നല്‍കയതിനുസരിച്ചെത്തിയ പ്രത്യേക അന്വേഷണ സംഘത്തിലെ ഹൊസ്ദുര്‍ഗ് സി.ഐ. സി.കെ. സുനില്‍കുമാറിന് അരുണിനെ കൈമാറി. പ്രതിയുടെ പാസ്‌പോര്‍ട്ടും യാത്രാ ടിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളും കൈമാറി. വ്യാഴാഴ്ച വൈകിട്ടാണ് അബൂദായില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ഫ്‌ളൈറ്റില്‍ അരുണിനെ പ്രവാസികള്‍ കയറ്റിവിട്ടത്. പുലര്‍ച്ചേ ചീമേനി പോലിസ് സ്‌റ്റേഷനിലെത്തിച്ച പ്രതിയെ കാസര്‍കോട് ജില്ലാ പോലിസ് ചീഫ് കെ.ജി.സൈമണിനുമുന്നില്‍ ഹാജരാക്കി രണ്ടരമണിക്കൂറോളം ചോദ്യം ചെയ്തു. ഉച്ചയ്ക്ക് അന്വേഷണ സംഘം അരുണിനെ പുലിയന്നൂരിലെ ജാനകി ടീച്ചറുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി.
വൈകീട്ടോടെ അരുണിന്റെ അറസ്റ്റു രേഖപ്പെടുത്തി കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കും. റിമാന്റിലായ റിനേഷിനെയും വൈശാഖിനെയും പോലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ അപേക്ഷ നല്‍കും. മൂന്നു പ്രതികളെയും പോലിസ് കസ്റ്റഡിയില്‍ വിട്ടു നല്‍കുന്നതോടെ വീണ്ടും പുലിയന്നൂരില്‍ തെളിവെടുപ്പിന് കൊണ്ടുപോകും. കൊലപാതകത്തിന് ഉപയോഗിച്ച കത്തികള്‍ ഇനിയും പോലിസിന് കണ്ടെത്താനായിട്ടില്ല. പ്രതികളുടെ സഹായത്താന്‍ കത്തി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ് ഇപ്പോള്‍.
ജാനകി ടീച്ചര്‍ വധക്കേസിലെ മുഖ്യപ്രതി അരുണിനെ നാട്ടിലെത്തിച്ചു; പുലിയന്നൂരില്‍ പ്രതിയുമായി പോലിസ് തെളിവെടുപ്പ് നടത്തി