‘ജലീലിന്‍റെ കൊലപാതകികള്‍ക്ക് മാപ്പില്ല, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക’; തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ പേരാവൂരിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ

  • Post category:news
  • Reading time:1 min read
You are currently viewing ‘ജലീലിന്‍റെ കൊലപാതകികള്‍ക്ക് മാപ്പില്ല, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക’; തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ പേരാവൂരിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ മാവോയിസ്റ്റുകള്‍ എഴുതിയതെന്ന് കരുതപ്പെടുന്ന പോസ്റ്ററുകള്‍. പേരാവൂര്‍ ചെവിടിക്കുന്നിലെ വാടകക്കെട്ടിടത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘ജലീലിന്‍റെ കൊലപാതകികള്‍ക്ക് മാപ്പില്ല, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക’ എന്നീ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്.

ഇതിന് മുന്‍പ് വയനാട്ടിലെയും നിലമ്പൂരിലെയും ആദിവാസികളോട് വോട്ട് ബഹിഷ്‌കരിക്കാന്‍ മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്യുന്ന കത്തിന്‍റെ പകര്‍പ്പ് നിലമ്പൂര്‍ പ്രസ് ക്ലബ്ബിലെത്തിയിരുന്നു. ആദിവാസികളെ മര്‍ദ്ദിച്ച് ഭരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ എന്തിന് താങ്ങിനിര്‍ത്തണമെന്നാണ് കത്തില്‍ ചോദിക്കുന്നത്. തെരഞ്ഞെടുപ്പിന് പകരം രണോത്സുക പോരാട്ടത്തിന് ഇറങ്ങണമെന്ന അഭ്യര്‍ത്ഥനയും കത്തിലുണ്ട്. നാടുകാണി ഏരിയാ സമിതി വക്താവ് അജിതയുടെ പേരിലാണ് കത്ത് വന്നിരുന്നത്.

അതേപോലെതന്നെ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വയനാട് മണ്ഡലത്തിലെ എല്‍.ഡി.എഫ്-എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

0Shares