കാസര്‍കോട്: ബി.ജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കുന്ന ജനരക്ഷാ യാത്രയില്‍ സംബന്ധിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍ ആദ്യമെത്തിയത് കാസര്‍കോട്ട്. ബേക്കലിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് വിവന്ദയിലാണ് യോഗിക്ക് വിശ്രമമൊരുക്കിയത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹം കാര്‍ മാര്‍ഗമാണ് താജ് ഹോട്ടലിലെത്തിയത്. കാസര്‍കോട് ആദ്യമായി എത്തിയ ആദിത്യനാഥിന് കേരള പൊലീസ് സല്യൂട്ട് നല്‍കി. ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍, ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ എന്നിവര്‍ ചേര്‍ന്ന് ആദിത്യനാഥിനെ സ്വീകരിച്ചു. താജ് ഹോട്ടലില്‍ കുറച്ചുസമയം വിശ്രമിച്ച ശേഷം രാവിലെ ഏഴുമണിയോടെ കേരള നേതാക്കളുമായി ചര്‍ച്ച നടത്തി. 9.30 മണിയോടെ ആദിത്യനാഥ് ജനരക്ഷാ യാത്രയില്‍ പങ്കെടുക്കുന്നതിനായി കാര്‍ മാര്‍ഗം പിലാത്തറയിലേക്ക് പുറപ്പെട്ടു. തുടര്‍ന്ന കീച്ചേരി മുതല്‍ കണ്ണൂര്‍ വരെയുള്ള ജാഥയില്‍ യോഗി പങ്കാളിയായി. കീചേരിയില്‍ എത്തി ജാഥക്കൊപ്പം അണിചേര്‍ന്നു.
എം.പി സുരേഷ് ഗോപി, നേതാക്കളായ എം.ടി രമേശ്, പി.കെ കൃഷ്ണദാസ്, കെ.സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണണന്‍, സി കെ പത്മനാഭന്‍, പ്രമീള സി നായക്, കെ രജിത്ത്, പി.സത്യപ്രകാശ്, കെ.കെ വിനോദ് കുമാര്‍, വി.മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല, റിച്ചാര്‍ഡ് ഹേ എം.പി, മറ്റ് സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് കണ്ണൂരില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും യോഗി ആദിത്യനാഥ് പ്രസംഗിക്കും.
ജനരക്ഷാ യാത്ര; യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദ്യമെത്തിയത് കാസര്‍കോട്ട്