ചേട്ടന്‍ ചുമരില്‍ ബ്രസീല്‍ പെയിന്റടിച്ചു; വാശി മൂത്ത അനിയന്‍ ഓടിന് അര്‍ജന്റീനന്‍ നിറവും പൂശി; പിന്നീട് വീട്ടില്‍ സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing ചേട്ടന്‍ ചുമരില്‍ ബ്രസീല്‍ പെയിന്റടിച്ചു; വാശി മൂത്ത അനിയന്‍ ഓടിന് അര്‍ജന്റീനന്‍ നിറവും പൂശി; പിന്നീട് വീട്ടില്‍ സംഭവിച്ചത്

മലപ്പുറം: ലോകത്തെങ്ങും ലോകകപ്പിന്റെ ആവേശത്തിലാണ് യുവാക്കള്‍. ഇവിടെ മലപ്പുറത്ത് കാല്‍പന്തുകളിയുടെ ആവേശം മൂത്തപ്പോള്‍ ഏട്ടന്‍ വീടിന് ബ്രസീല്‍ പെയിന്റടിച്ചു, ഇതുകണ്ട അനിയന്‍ ഓടിന് അര്‍ജന്റീനന്‍ നിറവുംപൂശി. കളിഭ്രാന്ത് പുരപ്പുറം കയറിയ ഈ കാഴ്ച ആരിക്കോടിനടുത്ത കാവനൂര്‍ പഞ്ചായത്തിലെ വികെ പടിയില്‍ തേച്ചീരി തറവാട്ടിലാണ്. ബ്രസീലും അര്‍ജന്റീനയും പകുത്തെടുത്ത് സോക്കര്‍പുരയായി മാറ്റുകയായിരുന്നു സഹോദരന്മാര്‍. അര്‍ജന്റീനന്‍ ആരാധകനായ റഹീസിനെ പടിയടച്ച് ജ്യേഷ്ഠന്‍ കടുരാന്‍ മുര്‍ഷിദാണ് തേച്ചീരി തറവാട്ടിന് പച്ചയും മഞ്ഞയും നിറമടിച്ചത്.
നെയ്മര്‍ അമീറും ബിഗ്ബാവയും ഷാബിനും റിജുവും ശാശുവുമടങ്ങുന്ന ബ്രസീല്‍ ഫാന്‍സ് വീടിന് പെയിന്റടിക്കുകമാത്രമായിരുന്നേല്‍ അനിയന്‍ റഹീസ് സഹിച്ചേനെ. അര്‍ജന്റീനക്കാരെ ബ്രസീലുകാര്‍ കളിയാക്കി വിളിക്കുന്ന ചുരുക്കപ്പേരുമായി ”അരകളേ.. നിങ്ങള്‍ ഞങ്ങള്‍ക്കൊരു ഇരകളേ അല്ല” എന്നൊരു ബാനറും. പന്തുമായി എതിര്‍ഗോള്‍മുഖത്തേക്കെന്നപോലെ പെയിന്റും ബ്രഷുമായി റഹീസ് പാഞ്ഞെത്തി. ശേഷിക്കുന്ന വീടിന്റെ ഓടിന് വര്‍ണംചാര്‍ത്താന്‍ പുരപ്പുറത്തുകയറി. നീലയും വെള്ളയുംചേര്‍ത്ത് ആകാശനീലിമയില്‍മുക്കി ഓടാകെ. സഹായികളായി സുഡാനി സഫീറും ഫാസില്‍ബാവയും അനൂപും മോനൂട്ടനും അടങ്ങുന്ന അര്‍ജന്റീനന്‍സംഘം പ്രതിരോധഭടന്മാരായി അണിനിരന്നു. പെയിന്റടിച്ചിട്ടും കലിതീരാതെ ‘അതുക്കുംമേലെ അര്‍ജന്റീന’ എന്നൊരു ഫ്‌ലക്‌സും വീടിന് മുകളില്‍ കെട്ടിയാണ് റഹീസും കൂട്ടരും താഴെയിറങ്ങിയത്. അയല്‍വാസിയായ ഫ്രാന്‍സ് ആരാധകന്‍ ഇല്‍ഫ് എന്ന പോപ്പിയുടെ പ്രോത്സാഹനത്തിന് പകരമായി വാതില്‍പ്പുറവും ജനാലപാളിയും ദാനംചെയ്തു. കളിമുറുകിയത് കണ്ട ഇംഗ്ലീഷ് ഫാന്‍കാരായ ജുനൈദും ദാസനും ചേര്‍ന്ന് അടുത്തുള്ള വാകമരത്തില്‍ തങ്ങളുടെ കൊടിനാട്ടി. സ്പാനിഷ്താരം ദ്യോഗോ കോസ്റ്റയെ നെഞ്ചേറ്റുന്ന മൂസാ റോഷനിത് കണ്ട് ഞെട്ടിയെങ്കിലും തളര്‍ന്നില്ല. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പന്താട്ടത്തിലും സമനിലപിടിച്ച സ്‌പെയിനിന് വീടിന്റെ ഗേറ്റ് പതിച്ചുനല്‍കി. കടുംചുകപ്പാര്‍ന്ന മഞ്ഞകലര്‍ന്ന പതാകവരച്ച് സ്‌പെയിന്‍ എന്നെഴുതി. ഇതെല്ലാം കണ്ടിളകിയത് പോര്‍ച്ചുഗലാണ്. ഐസ്ലന്‍ഡിനോട് അര്‍ജന്റീന കളി മറക്കുമ്പോഴും ഇവിടെ ലോകകപ്പ് ലഹരി മഞ്ഞിലുറയുന്നില്ല. ബ്രസീലും അര്‍ജന്റീനയും മാത്രമല്ല, പരസ്പരം കൊമ്പുകോര്‍ത്ത പോര്‍ച്ചുഗലിന്റെയും സ്‌പെയിനിന്റെയും പതാകകളും തേച്ചീരി തറവാട്ടു പറമ്പില്‍ ഉയരത്തില്‍ പാറുന്നുണ്ട്. മഞ്ഞയും പച്ചയുമുടുത്ത് കൊടി വീശുന്ന അഞ്ചുവയസുകാരനായ ബ്രസീലിന്റെ കട്ടഫാന്‍ അദിന്‍ മുതല്‍ അമ്പതു കഴിഞ്ഞ അര്‍ജന്റീനന്‍ വേലായുധന്‍വരെ സകലര്‍ക്കും തലയ്ക്ക് പിടിച്ചിരിക്കയാണിവിടെ ലോകകപ്പ്.

0Shares