
കാസര്‍കോട്: ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ (77) മരണം കൊലപാതകമല്ലെന്നു ചൂണ്ടിക്കാട്ടി സി.ബി.ഐ കേസന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ മരണകാരണം ആത്മഹത്യയാണോ അപകടമാണോയെന്ന് പറയാന്‍ കഴിയില്ലെന്നാണ് മനഃശാസ്ത്ര അപഗ്രഥന (സൈക്കോളജിക്കല്‍ ഓട്ടോപ്‌സി) റിപ്പോര്‍ട്ടുകളെ ആധാരമാക്കി സി.ബി.ഐയുടെ നിഗമനം.
ഖാസിയുടെ ശരീരത്തിലോ താമസിച്ചിരുന്ന വീട്ടിലോ കൊലപാതകത്തിന്‍റെ തെളിവു കണ്ടെത്താന്‍ സി.ബി.ഐക്കു കഴിഞ്ഞില്ല. 2010 ഫെബ്രുവരി 15 നാണ് മൗലവിയെ കര്‍ണാടക അതിര്‍ത്തിയിലെ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം മരിച്ച നിലയില്‍ കണ്ടത്. അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്യില്ലെന്നു ചൂണ്ടിക്കാട്ടി മകന്‍ മുഹമ്മദ് ഷാഫി നല്‍കിയ ഹര്‍ജിയിലാണ് ശാസ്ത്രീയ അന്വേഷണം നടത്തി സി.ബി.ഐ വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്പി കെ.ജെ.ഡാര്‍വിനാണ് കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുവാദം തേടി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഖാസിയുടെ ഭാര്യ ആയിഷ, മകന്‍ ഉസ്മാന്‍, മറ്റൊരു മകനായ മുനീറിന്‍റെ ഭാര്യ, ഖാസിയുടെ അനുജന്‍ ഉബൈദ്, ഖാസി മരിച്ച ദിവസം ചെമ്പരിക്ക കടപ്പുറത്ത് രാത്രിയില്‍ കാറും ആള്‍ക്കാരുടെ ശബ്ദവും കേട്ടു എന്നു പറയുന്ന സ്ത്രീ എന്നിവരോടു മനഃശാസ്ത്രജ്ഞരുടെ സംഘം വിശദമായി സംസാരിച്ചു. കേസന്വേഷണം അവസാനിപ്പിക്കാന്‍ ഇതു നാലാം തവണയാണ് സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കുന്നത്. 2017 ജനുവരിയില്‍ അന്വേഷണം അവസാനിപ്പിച്ച കേസില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സി.ബി.ഐ തുടരന്വേഷണം നടത്തിയത്.
ഓട്ടോറിക്ഷാ ഡ്രൈവറായ ആദൂര്‍ അഷ്‌റഫ് എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മൂന്നാം തവണ അന്വേഷണം. ഈ മൊഴികള്‍ വിശ്വസനീയമല്ലെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. പുതുച്ചേരി ജിപ്‌മെറിലെ സൈക്യാട്രി അഡീഷനല്‍ പ്രഫസര്‍ ഡോ. വികാസ് മേനോന്‍, ഫൊറന്‍സിക് മെഡിസിന്‍ മേധാവി ഡോ. കുസ കുമാര്‍ സാഹ, സൈക്യാട്രി പ്രഫ. ഡോ. മൗഷ്മി പുര്‍കായസ്ത, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ.അറിവഴകന്‍, സൈക്യാട്രി സോഷ്യല്‍ വര്‍ക്കര്‍ കെ.ഗ്രീഷ്മ എന്നിവരാണ് സൈക്കളോജിക്കല്‍ ഓട്ടോപ്‌സിക്ക് നേതൃത്വം നല്‍കിയത്.
