ചെന്നൈയില്‍ കാറില്‍ വെന്ത് മരിച്ചത് മലയാളി കുടുംബം: നിര്‍ത്തിയിട്ട കാര്‍ കത്തുമ്പോള്‍ കുടുംബം രക്ഷപ്പെടാന്‍ ശ്രമിക്കാത്തതില്‍ ദുരൂഹത.

  • Post category:news
  • Reading time:1 min read
You are currently viewing ചെന്നൈയില്‍ കാറില്‍ വെന്ത് മരിച്ചത് മലയാളി കുടുംബം: നിര്‍ത്തിയിട്ട കാര്‍ കത്തുമ്പോള്‍ കുടുംബം രക്ഷപ്പെടാന്‍ ശ്രമിക്കാത്തതില്‍ ദുരൂഹത.

ചെന്നൈ: മഹാബലിപുരത്ത് കാര്‍ കത്തി നശിച്ച് മൂന്നുപേര്‍ വെന്തു മരിച്ച സഭവത്തില്‍ അപകടത്തില്‍ പെട്ടവരെ തിരിച്ചറിഞ്ഞു. പാലക്കാട് സ്വദേശിയും ചെന്നൈയില്‍ സ്ഥിരതാമസവുമായ പാലക്കാട് പട്ടഞ്ചേരി ചങ്ങംവീട്ടില്‍ ജയദേവന്‍ (55), ഭാര്യ രമാദേവി (49), മകള്‍ ദിവ്യശ്രീ (24) എന്നിവരാണ് കാറില്‍ വെന്തു മരിച്ചത്. എന്നാല്‍ നിര്‍ത്തിയിട്ട കാര്‍ കത്തിയതും ആരും രക്ഷപ്പെടാന്‍ ശ്രമിക്കാത്തതും ഇതൊരു കൊലപാതകമാണോ എന്ന കാര്യത്തില്‍ പോലീസിനെ കുഴയ്ക്കുകയാണ്. മഹാബലിപുരത്ത് മനാമൈ ഗ്രാമത്തിനടുത്ത് ഒഴിഞ്ഞ പറമ്പില്‍ കാര്‍ കത്തികരിഞ്ഞ് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലായ മൃതദേഹങ്ങള്‍ ബംഗളൂരുവില്‍ നിന്നെത്തിയ രമാദേവിയുടെ സഹോദരനാണ് മൃതദേഹത്തിലെ മോതിരം കണ്ട് തിരിച്ചറിഞ്ഞത്. കരസേനാംഗമായ ശരതിനെ അഞ്ച് മാസം മുമ്പാണ് ദിവ്യശ്രീ വിവാഹം കഴിച്ചത്. കുറച്ച് ദിവസം മുമ്പാണ് ശരത്തിനൊപ്പമുള്ള വിവാഹ ജീവിതം മതിയാക്കി ദിവ്യശ്രീ വീട്ടില്‍ തിരിച്ചെത്തിയത്.

ഏറെ കാലമായി ചെന്നൈയില്‍ താമസിക്കുന്ന മൂവരും ചെന്നൈയില്‍ വീട് വയ്ക്കാന്‍ വാങ്ങിച്ച സ്ഥലത്താണോ കാര്‍ കത്തിനശിച്ചതെന്ന കാര്യത്തില്‍ പോലീസിന് സംശയമുണ്ട്. ഇവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള കാര്യം ആര്‍ക്കും അറിയില്ലെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലായിരുന്നു ജയദേവനു ജോലി. കുറച്ചു മാസം മുമ്പ് ജോലി വിട്ട് ചില ഓണ്‍ലൈന്‍ ജോലികളുമായി വീട്ടില്‍തന്നെയായിരുന്നു ജയദേവന്‍. മനാമൈയിലെ കെട്ടിടം നിര്‍മ്മിക്കാന്‍ അളന്നു തിരിച്ചിട്ട സ്ഥലത്തേക്ക് എന്തിനാണ് ഇവര്‍ എത്തിയതെന്നും കണ്ടെത്തിയാല്‍ മാത്രമേ സംഭവത്തിന്റെ നിജസ്ഥിതി മനസിലാകൂ. ശനിയാഴ്ച രാത്രി ഇവര്‍ കാറെടുത്തു പുറത്തേക്കു പോകുന്നത് കണ്ടെന്ന് അയല്‍വാസികള്‍ പോലീസിനെ അറിയിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നാണ് മഹാബലിപുരം പോലീസ് പറയുന്നത്.

0Shares