ചെന്നിത്തലയുടെ പടയൊരുക്കം യാത്ര തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെ യു.ഡി.എഫിൽ പിളർപ്പ്; ജെ.ഡി.യു – ജെ.ഡി.എസ് ലയനത്തിന് കളമൊരുങ്ങുന്നു; വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ചെന്നിത്തലയുടെ പടയൊരുക്കം യാത്ര തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെ യു.ഡി.എഫിൽ പിളർപ്പ്; ജെ.ഡി.യു – ജെ.ഡി.എസ് ലയനത്തിന് കളമൊരുങ്ങുന്നു; വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫിലേക്ക്

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്ര തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെ യു.ഡി.എഫിൽ പിളർപ്പ്. വീരേന്ദ്രകുമാര്‍ യു.ഡി.എഫ് വിടുന്നു. ജനതാദള്‍ എസു(ജെ.ഡി.എസ്)മായി ലയിക്കാനുള്ള ചര്‍ച്ചകള്‍ ഐക്യജനതാദള്‍(ജെ.ഡി.യു) തുടങ്ങി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിട്ടതിനു പിന്നാലെ വീരേന്ദ്രകുമാറും എല്‍.ഡി.എഫ് പാളയത്തിലേക്ക് നീങ്ങുന്നത് യു.ഡി.എഫ് ക്യാംപിനെ ക്ഷീണിപ്പിക്കും. നേരത്തേ പിണറായി വിജയനുമായി ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ രണ്ടു മാസം മുമ്പു ചര്‍ച്ച നടത്തിയിരുന്നു. സീറ്റ് വിഭജനം, രാജ്യസഭാംഗത്വം തുടങ്ങിയ വിഷയങ്ങളിലൊക്കെ ചര്‍ച്ചയില്‍ കടന്നുവന്നിരുന്നു.

കൂടിയാലോചിച്ചു തീരുമാനം പറയാമെന്നായിരുന്നു പിണറായി വിജയന്‍ അറിയിച്ചിരുന്നത്. അതേസമയം പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജെ.ഡി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പ്രതികരിച്ചു. അഞ്ചുമാസമായി പാര്‍ട്ടി കമ്മിറ്റി ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനതാദള്‍ എസും ലയിച്ച് പഴയ എസ്‌.ജെ.ഡി പുനരുജ്ജീവിപ്പിച്ച് ഇടതു മുന്നണി പ്രവേശനത്തിനാണ് ഇരുപക്ഷവും തയ്യാറെടുക്കുന്നത്. ഇതിനായി തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കും. രാജ്യസഭാംഗത്വവും വീരേന്ദ്രകുമാര്‍ രാജിവയ്ക്കും.

0Shares