
കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നവംബര്‍ രണ്ടിന് ആരംഭിച്ച ഉറൂസിന് ജനപങ്കാളിത്തം ഏറുന്നു. മൂന്നു വർഷത്തിലൊരിക്കൽ നടത്തിവന്നിരുന്ന ഉറൂസ് ഇത്തവണ അഞ്ചുവർഷത്തിനു ശേഷമാണ് നടക്കുന്നത്. വിവിധ ദേശങ്ങളിൽ നിന്ന് ഒട്ടേറെപ്പേർ എത്തുന്ന ഉറൂസിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പള്ളിയുടെ നവീകരണപ്രവർത്തനങ്ങൾക്കു ശേഷം നടക്കുന്ന ആദ്യ ഉറൂസിനായി തളങ്കരയിലെയും പരിസരപ്രദേശങ്ങളിലെയും പ്രവാസികളായ ഒട്ടേറെപ്പേരാണ് നാട്ടിലെത്തിയത്.
രണ്ടാം ഖലീഫയായ ഉമറുൽ ഫാറൂഖിന്റെ ഭരണകാലത്താണ് മാലിക് ദിനാറും 22 അനുയായികളും ഇസ്്‌ലാമിക പ്രബോധനവുമായി കേരളത്തിലെത്തിയത്. മാലിക് ദിനാർ സംഘത്തിൽ ശറഫുബ്‌നുമാലിക്, മാലിക്ബിനു മാലിക് തുടങ്ങിയ 22 അംഗങ്ങളാണ് ഉണ്ടായിരുന്നത്. മസ്ജിദിന്റെ 1411ാം വാർഷികാഘോഷം 2012 ജൂൺ മൂന്നിനായിരുന്നു.
ഇപ്പോഴത്തെ പള്ളി നിൽക്കുന്ന സ്ഥലത്ത് മാലിക് ഇബിൻ ദീനാർ ഒരു പള്ളി സ്ഥാപിച്ചു എന്നാണ് വിശ്വാസം. ജുമാ മസ്ജിദ് എന്ന് അറിയപ്പെടുന്ന ഈ പള്ളി ജില്ലയിലെ മറ്റു പള്ളികളിൽ വെച്ച് ഏറ്റവും ആകർഷകവും ഏറ്റവും നന്നായി പരിപാലിച്ചിട്ടുള്ളതുമായ ഒരു ആരാധനാലയമാണ്. തളങ്കരയിലാണ് ഈ മോസ്ക് സ്ഥിതിചെയ്യുന്നത്. മാലിക് ഇബ്ൻ ദിനാറിന്റെ തായ്‌വഴിയിലുള്ള മാലിക് ഇബ്ൻ മുഹമ്മദിന്റെ ഖബറിടം ഇവിടെയാണ്.
ഉറൂസിന്റെ ഭാഗമായി ദിഖ്ര്‍-ദുആ സദസ്സും ഖബര്‍ സിയാറത്തും സെമിനാറുകളും പ്രവാസിസംഗമവുമെല്ലാം നടന്നുവരികയാണ്. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന സനദ് ദാന സമ്മേളനം സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദ് ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയവർ മാലിക് ദീനാർ വലിയ ജമാ അത്ത് പള്ളി സന്ദര്‍ശിച്ചിരുന്നു. നവംബര്‍ 12-ന് മഹാഅന്നദാനത്തോടെ ഉറൂസ് സമാപിക്കും.
