ചന്ദ്രഗിരി പാലത്തിലെ അറ്റകുറ്റപ്പണികള്‍; ഒരാഴ്‌ചക്കുള്ളിൽ ഗതാഗതനിരോധനം ഒഴിവാക്കും

  • Post category:local news
  • Reading time:1 min read
You are currently viewing ചന്ദ്രഗിരി പാലത്തിലെ അറ്റകുറ്റപ്പണികള്‍; ഒരാഴ്‌ചക്കുള്ളിൽ ഗതാഗതനിരോധനം ഒഴിവാക്കും

കാസർകോട്‌: കെ.എസ്‌.ടി.പിയുടെ സംസ്ഥാന പാതയായ കാസര്‍കോട് ജില്ലയിലെ ചന്ദ്രഗിരി പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ വളരെ വേഗം തീര്‍ക്കാനായി ഇപ്പോള്‍ ദിവസവും രാത്രി പത്തുവരെ പ്രവൃത്തി നടക്കുന്നുണ്ട്‌. അതില്‍ പ്രധാനമായ പാലത്തിൽ വിള്ളലുണ്ടായ ഭാഗം പൊട്ടിച്ച്‌ മാറ്റിക്കഴിഞ്ഞു. ഇതുപോലുള്ള എട്ട്‌ ജോയിന്റാണുള്ളത്‌. ഇതിൽ നാല്‌ എണ്ണത്തിന്റെ ഫാബ്രിക്കേഷൻ ജോലി പൂർത്തിയായി. ബാക്കിയുള്ളവ മൂന്ന്‌ ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന്‌ കരാർ ഏറ്റെടുത്ത എറണാകുളം പത്മജ സ്‌പെഷ്യാലിറ്റീസ്‌ പ്രോജക്ട്‌ മാനേജർ സെനിത്ത്‌ മനാരി പറഞ്ഞു.

നിലവില്‍ ഫാബ്രിക്കേഷൻ പൂർത്തിയായ ഭാഗത്തെ കോൺക്രീറ്റ്‌ ജോലി വ്യാഴാഴ്‌ച നടക്കും. ബാക്കിയുള്ള കൈവരികൾ നന്നാക്കുന്നത് ഗതാഗതത്തിന്‌ റോഡ്‌ തുറന്നുകൊടുത്ത ശേഷവും ചെയ്യാനാവുമെന്നതിനാൽ ഒരാഴ്‌ചക്കുള്ളിൽ ഇതുവഴിയുള്ള ഗതാഗതനിരോധനം ഒഴിവാക്കാനാവുമെന്നാണ്‌ പ്രതീക്ഷ.

പാലത്തിന്‍റെ സ്‌പാനുകൾക്കിടയിലെ വിള്ളൽ കൂടുന്നതിനാലും കാലപ്പഴക്കം കാരണം പാലത്തിന്‌ ബലക്ഷയമുണ്ടായതിനാലുമാണ്‌ അടിയന്തര അറ്റകുറ്റപ്പണി വേണ്ടിവന്നത്‌. നിലവില്‍ ചന്ദ്രഗിരി പാലത്തിന്‍റെ പണി പൂർത്തിയായാൽ ഉടൻതന്നെ ബേക്കൽ പാലത്തിന്റെ അറ്റകുറ്റപ്പണി ആരംഭിക്കും. പാലത്തിന്‍റെ പണികള്‍ നടക്കുന്നതിനാല്‍ ദേശീയപാതയിലെ നായന്മാർമൂല മുതൽ അണങ്കൂർ വരെയുള്ള പ്രദേശത്ത്‌ രാവിലെയും വൈകിട്ടും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്‌.

0Shares