ഗ്രാമാന്തരങ്ങളിലൂടെ ഭ്രാന്തനെപ്പോലെ നടന്ന് രാധയെയും കൃഷ്‌ണനെയും പച്ചയായ മനുഷ്യരായി ചിത്രീകരിച്ചവൻ ലാലാഫക്കീർ; ബാവുൾ വേദികളിൽ നിന്നും വേദികളിലേക്ക്..

  • Post category:news
  • Reading time:1 min read
You are currently viewing ഗ്രാമാന്തരങ്ങളിലൂടെ ഭ്രാന്തനെപ്പോലെ നടന്ന് രാധയെയും കൃഷ്‌ണനെയും പച്ചയായ മനുഷ്യരായി ചിത്രീകരിച്ചവൻ ലാലാഫക്കീർ; ബാവുൾ വേദികളിൽ നിന്നും വേദികളിലേക്ക്..

പീതാംബരൻ കുറ്റിക്കോൽ

കാസർകോട്: ‘ബാവുൾ’ എന്ന ഏകപാത്ര നാടകത്തിലൂടെ ലാലാഫക്കീർ വേദികളിൽ നിന്നും വേദികളിലേക്ക് ജൈത്രയാത്ര തുടരുന്നു. ശരീരഭാഷയും ചലനങ്ങളും പൂർണ്ണമായും ഉൾക്കൊണ്ട് ചന്ദ്രൻ കരുവാക്കോടാണ് ലാലാഫക്കീറായി അരങ്ങിലെത്തുന്നത്. മതങ്ങളെയും വിശ്വാസങ്ങളെയും കൂട്ടുപിടിച്ച് നാടിൻ്റെ സമാധാനത്തെ അസ്ഥിരപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ മാനവിക സന്ദേശവുമായി ബംഗാളി ഗ്രാമങ്ങളിൽ അലഞ്ഞുതിരിഞ്ഞു സ്നേഹഗാഥ പാടിയ ലാലാഫക്കീർ എന്ന ബാവുൾ ഗായകനെ അരങ്ങത്ത് പുനർജനിപ്പിക്കുകയാണ് ഈ നാടകക്കാരൻ.

നിറങ്ങൾക്കും ജാതി- മതങ്ങൾക്കുമതീതമായി ഇന്ത്യൻ നാടോടി സംസ്കാരത്തിൻ്റെ വേറിട്ട സംഗീതമാണ് ബാവുൾ. ജാതി- മതങ്ങൾക്കതീതമായി മനുഷ്യ മനസുകളിൽ ചേരുന്ന സ്നേഹസംഗീതമാണത്. ഗ്രാമാന്തരങ്ങളിലൂടെ ഭ്രാന്തനെപ്പോലെ നടന്ന് രാധയെയും കൃഷ്‌ണനെയും പച്ചയായ മനുഷ്യരായി ചിത്രീകരിച്ച്‌ പ്രണയത്തിൻ്റെ മധുരവും വിരഹനൊമ്പരവും പാടി നൂറ്റിപതിനാറ്‌ വയസുവരെ ജീവിച്ച ലാലാഫക്കീർ എന്ന ബാവുൾ ഗായകൻ്റെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ചെറിയൊരേടാണ് അരമണിക്കൂർ രംഗാവിഷ്കാരം.പതിനേഴുവർഷമായി ജ്വാല കരുവാക്കോടിൽ നാടക പ്രവർത്തനം നടത്തുന്ന ചന്ദ്രൻ മികച്ച നടനുള്ള സംസ്ഥാന അവാർഡും അമേച്ചർ നാടകങ്ങളിൽ നിരവധി മികച്ച നടനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. മൂന്നു തവണ പ്രധാന നടനായി അഭിനയിച്ച നാടകം കേരളത്തെ പ്രതിനിധീകരിച്ച് ദേശീയതലത്തിൽ ഒന്നാംസ്ഥാനം നേടി. ജ്വാല കരുവാക്കോട് അരങ്ങിലെത്തിക്കുന്ന നാടകം സംവിധാനം ചെയ്തത് ഇ.വി ഹരിദാസാണ്. ഗോവിന്ദൻ അരവത്ത് സംഗീതനിയന്ത്രണവും, സതീശൻ വെളുത്തോളി ദീപവിതാനവും നിർവഹിക്കുന്നു.

0Shares