
കാസര്‍കോട്: പ്രായം എന്‍പതു കഴിഞ്ഞിട്ടും കാല്‍ക്കരുത്തിന്റെ കളിയില്‍ തനിക്കിപ്പോഴും പഴയ ഉശിരുണ്ടെന്നു കാണിച്ച് വെറ്ററന്‍ ഫുട്ബോള്‍താരം മുസ്തഫ മുതല്‍ മൂന്നരവയസുകാരി സപ്ത വരെ ഗോളടിച്ച് വണ്‍മില്ല്യന്‍ ഗോള്‍ പരിപാടിയില്‍ പങ്കാളികളായപ്പോള്‍ ജില്ലയിലും ഗോള്‍പ്പെരുമഴ. സംസ്ഥാനത്താകെ 17 ലക്ഷത്തിലധികം ഗോള്‍ പിറന്നപ്പോള്‍ കാസര്‍കോട് വലയിലാക്കിയത് ഒന്നരലക്ഷം ലക്ഷം ഗോളുകള്‍. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ വൈകിട്ട് ഏഴുവരെ നാലു മണിക്കൂര്‍ നീണ്ട പരിപാടിയില്‍ ലക്ഷ്യം വച്ചതിനേക്കാള്‍ എഴു ലക്ഷത്തിലധികം ഗോളുകളാണ് 14 ജില്ലകളിലായി സ്‌കോര്‍ ചെയ്തത്. മൂന്നുലക്ഷത്തിലധികം ഗോള്‍ നേടി കോഴിക്കോട് റെക്കോഡ് നേട്ടവുമായി ജില്ലകളില്‍ മുന്നിലെത്തി. കാസര്‍കോടിന് 1,52,552 ഗോളുകളുമായി അഞ്ചാമത് എത്തുവാനെ കഴിഞ്ഞുള്ളു. എങ്കിലും ലക്ഷ്യമിട്ടതിലും അര ലക്ഷം ഗോളുകള്‍ കൂടുതല്‍ നേടുവാന്‍ ജില്ലയ്ക്കായി. മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളാണ് യഥാക്രമം രണ്ട്, മുന്ന്, നാല് സ്ഥാനങ്ങളില്‍ എത്തിയത്. ആദ്യ മൂന്നു മണിക്കൂറില്‍ തന്നെ സംസ്ഥാനത്താകെ 10,55,783 ഗോളുകളുമായി ലക്ഷ്യം മറികടന്നു. അതില്‍ ജില്ലയുടെ സംഭാവന 90,000 ഗോളുകളായിരുന്നു. മുന്നിലെത്താന്‍ മത്സരിച്ചത് മലപ്പുറവും കോഴിക്കോടുമായിരുന്നു. മലപ്പുറം 1,32,330 ഗോളുകളും വെറും അഞ്ചുഗോളുകള്‍ക്ക് പിന്നിലായി കോഴിക്കോട് 1,32,225 ഗോളുകളുമായി കടുത്ത പോരാട്ടം കാഴ്ചവച്ചു. തൊട്ടുപിന്നിലായി കണ്ണൂരും കാസര്‍കോടും മത്സരത്തിന്റെ വീര്യം കൂട്ടി.
കലക്ടറേറ്റ് വി.ഐ.പി കേന്ദ്രമാക്കിയ ഗോള്‍ അടിക്കല്‍ മാമാങ്കം ജില്ലയില്‍ ഇരുന്നൂറിലധികം കേന്ദ്രങ്ങളിലാണ് നടത്തിയത്.
ആദ്യ ഒരു മണിക്കൂറില്‍ 34,000 ഗോളുകളാണ് ജില്ലയില്‍ മാത്രം പിറന്നത്. ഫുട്ബോളിന്റെ കോട്ടകളായ കാസര്‍കോടും മലപ്പുറവും തമ്മിലായിരുന്നു ആദ്യമണിക്കൂറില്‍ പ്രധാനമത്സരം. രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മലപ്പുറം കാസര്‍കോടിനെ പിന്നിലാക്കി 67,009 ഗോളുകളുമായി ഒന്നാമതെത്തുകയായിരുന്നു.ഈ സമയം കാസര്‍കോടിന് 46,201 ഗോളുകള്‍ നേടാനെ കഴിഞ്ഞുള്ളു. രണ്ടു മണിക്കൂറിനുള്ളില്‍ സംസ്ഥാനത്താകെ 5,75,996 ഗോളുകളാണ് പിറന്നത്. ഇന്ത്യയില്‍ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പ് ഫുട്ബോളിന്റെ പ്രചാരണാര്‍ഥമാണ് കായിക-യുവജനക്ഷേമവകുപ്പും കേരള സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംസ്ഥാനമെങ്ങും വണ്‍ മില്ല്യന്‍ ഗോള്‍ പരിപാടി സംഘടിപ്പിച്ചത്. കൊച്ചി ഉള്‍പ്പെടെ ആറ് നഗരങ്ങളില്‍ ഒക്ടോബര്‍ ആറു മുതല്‍ 27 വരെയാണ് അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ അരങ്ങേറുന്നത്. നാലൂ മണിക്കൂറുകള്‍ക്കകം വണ്‍മില്ല്യന്‍ ഗോള്‍ എന്ന റെക്കോഡ് ലക്ഷ്യവുമായാണ് കേരളം ഇന്നലെ ഇറങ്ങിയത്. ആളില്ലാത്ത ഗോള്‍ പോസ്റ്റിലേക്ക് ഗോളടിച്ചാണ് പങ്കെടുത്ത എല്ലാവരും ഗോള്‍വല നിറച്ചത്. ഗോളടിക്കാന്‍ ആവേശമായി നാടന്‍പാട്ടും അകമ്പടിയായി. ഇടയ്ക്ക് വില്ലനായി മഴയെത്തിയെങ്കിലും ഗോള്‍പ്പെരുമഴയ്ക്കു മുന്നില്‍ മുട്ടുമടക്കി. കളക്ടറേറ്റില്‍ നടന്ന ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ബിഫാത്തീമ ഇബ്രാഹിം, എ.ഡി.എം എച്ച്.ദിനേശന്‍, ആര്‍.ഡി.ഒ ഡോ.പി.കെ.ജയശ്രീ, ഡെപ്യൂട്ടി കലക്ടറുമാരായ എന്‍.ദേവിദാസ്, സി.ബിജു, കെ.ജയലക്ഷ്മി, കെ.രവികുമാര്‍, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍താരം എം. സുരേഷ്, ഇ.വി സുഗതന്‍, വിവിധ ജനപ്രതിനിധികള്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍, കായികതാരങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, കലക്ടറേറ്റിലെ ജീവനക്കാര്‍, ചിന്മയ കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ വിഐപി കേന്ദ്രമായ കലക്ടറേറ്റില്‍ ഗോളടിച്ചു. പ്രത്യേക മൊബൈല്‍ ആപ്ലീക്കേഷനിലൂടെ ഗോളുകളുടെ എണ്ണം സംബന്ധിച്ച വിവരം തല്‍സമയം നല്‍കിയിരുന്നു. കൂടാതെ പ്രത്യേകം തയ്യാറാക്കിയ ബിഗ് സ്‌ക്രീനില്‍ സംസ്ഥാനത്തെ 14 ജില്ലകളിലേയും വിവരങ്ങള്‍ നല്‍കി.