
തൃശൂര്‍: ഗുരുവായൂരില്‍ വിവാഹം മുടങ്ങിയ സംഭവത്തില്‍ നടക്കുന്ന പെണ്‍കുട്ടി തേപ്പുകാരിയല്ലെന്നും സംഭവത്തിലെ യാഥ്യാര്‍ത്ഥ്യം മറ്റൊന്നാണെന്നും ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുള്‍ ഖാദര്‍. തെറ്റിദ്ധാരണയുടെ പേരില്‍ ബന്ധുക്കള്‍ക്കിടയില്‍ ഉണ്ടായ പ്രശ്നങ്ങളാണ് വിവാഹം മുടങ്ങുന്നതില്‍ കലാശിച്ചത്. യുവതിയുടെ ചിത്രം ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നവര്‍ യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കാതെയാണ് രംഗത്തെത്തിയത്. സ്ത്രീവിരുദ്ധ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്നു എം.എല്‍.എ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം യുവതി വരനെ ഉപേക്ഷിച്ച് സ്നേഹിതനൊപ്പം പോയി എന്ന തരത്തിലാണ് തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായത്. സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ നടന്നിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നതെന്ന്് എം.എല്‍.എ പറഞ്ഞു.

ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയവഴിയും നേരിട്ടും രംഗത്ത് വന്നിരുന്നു. അതേസമയം പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയും പരിഹസിച്ചും സാമൂഹ്യ മാധ്യമങ്ങള്‍ വാര്‍ത്ത ആഘോഷമാക്കുകയായിരുന്നു. തന്റെ പ്രണയത്തെ കുറിച്ച് പെണ്‍കുട്ടി വിവാഹത്തിന് മുമ്പ് തന്നെ സ്വന്തം വീട്ടുകാരേയും വരനേയും അറിയിച്ചിരുന്നു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഒപ്പം പെണ്‍കുട്ടിയെ ക്രൂശിക്കരുത് താനാണ് അവളുടെ കാമുകന്‍ എന്ന് പറഞ്ഞ് യുവാവും രംഗത്തെത്തി. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തിയിരിക്കുന്നത്.
കാമുകനോടൊപ്പം പോയെന്ന വാര്‍ത്ത സമൂഹ മാദ്ധ്യമങ്ങളില്‍ പെണ്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മൂന്നാം വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ യുവാവുമായി വളരെക്കാലമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. കല്യാണം നിശ്ചയിച്ചത് അറിഞ്ഞ് കൂട്ടുകാരുമൊത്ത് കാമുകന്‍ വരുമെന്ന് പെണ്‍കുട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പൂര്‍ണ്ണമായി പെണ്‍കുട്ടി വിശ്വസിച്ചിരുന്നില്ല. കതിര്‍ മണ്ഡപത്തിനടുത്ത് കാമുകനെ കണ്ടതോടെ തന്നെ കൊണ്ടുപോകാന്‍ കാമുകന്‍ എത്തിയെന്ന വിശ്വാസത്തില്‍ താലിമാല ഊരി നല്‍കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയില്‍നിന്ന് അറിയാന്‍ കഴിയുന്നത്. പ്രണയിച്ച പെണ്‍കുട്ടി നഷ്ടപ്പെട്ടുവെന്ന് ഉറപ്പിച്ചാണ് വിവാഹം കാണാനായി യുവാവ് ഗുരുവായൂരില്‍ എത്തിയത്. തുടര്‍ന്ന് കെട്ട് കഴിഞ്ഞതോടെ ദുഃഖത്തോടെ സ്ഥലം വിടുകയാണ് ഉണ്ടായത്. തുടര്‍ന്നാണ് വിവാദരംഗങ്ങള്‍ അരങ്ങേറിയത്. ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാരും കാമുകന്റെ വീട്ടുകാരും തമ്മില്‍ സംസാരിച്ച് കാമുകന് പ്രായപൂര്‍ത്തിയാകുന്നതോടെ വിവാഹം ചെയ്ത് നല്‍കാമെന്ന് വാക്കാല്‍ സമ്മതിച്ചതായും പറയുന്നു.
