കാസര്‍കോട്: ദേശീയപാതയില്‍ കറന്തക്കാട് വെച്ച് സ്‌കൂട്ടറില്‍ ലോറിയിടിച്ച് തളങ്കര ഖാസിലൈനിലെ മുജീബ് റഹ് മാന്‍ (42) മരിക്കാനിടയായ സംഭവത്തില്‍ അപകടം വരുത്തി നിര്‍ത്താതെ പോയ ലോറി തമിഴ്നാട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് നാമക്കല്‍ സ്വദേശി യുവരാജിനെ (32)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ലോറിയും കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ 31 ന് രാത്രിയാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറി കണ്ടെത്താന്‍ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു.
സി.സി.ടി.വി. ക്യാമറകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. തമിഴ്നാട് രജിസ്ട്രേഷന്‍ നമ്പറിലുള്ള ലോറിയാണ് അപകടം വരുത്തിയതെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് കാസര്‍കോട് സി.ഐ. വി.വി. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തമിഴ് നാട്ടില്‍ അന്വേഷണം നടത്തിയിരുന്നു. പിന്നീട് നാമക്കലില്‍ വച്ച് ലോറി കണ്ടെുകയായിരുന്നു. എസ്.ഐ പി അജിത് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുല്‍ സലാം, കുഞ്ഞബ്ദുല്ല, അനൂപ്, രൂപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഡ്രൈവറെ പിടികൂടുകയും ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
ഖാസിലൈനിലെ മുജീബ് റഹ്മാൻ്റെ അപകടമരണം; നിര്‍ത്താതെ പോയ ലോറി തമിഴ് നാട്ടില്‍ നിന്നും പിടികൂടി