ഖാസിം മുസ്ലിയാർ: സൗഹൃദം ആരാധനയാക്കിയ പണ്ഡിതൻ

  • Post category:news
  • Reading time:2 mins read
You are currently viewing ഖാസിം മുസ്ലിയാർ: സൗഹൃദം ആരാധനയാക്കിയ പണ്ഡിതൻ

ഹാഫിള് എൻ. കെ എം മഹ്ളരി ബെളിഞ്ച
9400397681

എം. എ ഖാസിം മുസ്ലിയാരും വിടചൊല്ലി…നാഥൻ അദ്ദേഹത്തിന്‍റെ പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ… ആമീൻ. വിശുദ്ധ റമളാനിൽ കാരവൽ പത്രത്തിൽ വിനീതൻ തയ്യാറാക്കിയ പരമ്പര ലേഖനത്തിൽ ഖാസിം മുസ്ലിയാരുടെ അനുഭവം വന്നിരുന്നു.പ്രസ്തുത ലേഖനത്തിലേക്ക് അനുഭവം കുറിക്കാൻ ബദ്രിയ്യ നഗറിലെ അദ്ദേഹം ചെയർമാനായിരിക്കുന്ന സ്ഥാപനത്തിലേക്ക് ഒരു വൈകുന്നേരമാണ് ഞാൻ എത്തിയത്. സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ മകൻ സയ്യിദ് ഹുസൈൻ തങ്ങളും കൂടെ ഉണ്ടായിരുന്നു.

സ്ഥാപനത്തിൽ എത്തിയ ഞങ്ങൾക്ക് അവിടെ ഉണ്ടായിരുന്ന സ്റ്റാഫ് ഖാസിം മുസ്ലിയാരുടെ ഓഫീസ് കാണിച്ചുതന്നു. സൗമ്യതയിലും ഭവ്യതയിലും ഉസ്താദിന്‍റെ മുറിയിൽ എത്തിയ ഞങ്ങളെ നിറപുഞ്ചിരിയോടെ അദ്ദേഹം സ്വീകരിച്ചു.ഇന്നലെ ഫോൺ ചെയ്ത ആളാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി.” കാണുന്നത് ആദ്യമാണെങ്കിലും ലേഖനങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഒരു പുഞ്ചിരിയോടെ പ്രതികരിച്ചു.ആ പുഞ്ചിരിയിൽ എല്ലാം ഉണ്ടെന്ന് മനസ്സാ കുറിച്ചുവെച്ചു.

കൂടെ ഉള്ളത് സയ്യിദ് ത്വാഹിർ തങ്ങളുടെ മകനാണെന്നറിഞ്ഞപ്പോൾ സംസാരം ത്വാഹിർ തങ്ങളെ കുറിച്ചായി. നീണ്ട സമയം ത്വാഹിർ തങ്ങളെ കുറിച്ച് വാചാലമായ അദ്ദേഹം വന്ന വിഷയത്തെ കുറിച്ച് ആരാഞ്ഞു…
എ പി സമസ്തക്കാരനായ ഞാൻ ആദ്യമായാണ് ഇ കെ സമസ്തക്കാരനായ പണ്ഡിതന്‍റെ അടുത്ത് സംഭാഷണത്തിന് എത്തുന്നത്.ഏറെ നേരം അദ്ദേഹം ത്വാഹിർ തങ്ങളെപ്പറ്റി പറഞ്ഞപ്പോൾ മനസ്സും മേനിയും ആനന്ദം കൊണ്ടു.

സുന്നികൾക്കിടയിലെ സൗഹൃദങ്ങൾക്ക് മതിൽക്കെട്ടുകളില്ലെന്ന യാത്ഥാർത്ഥ്യം വീണ്ടും വീണ്ടും തിരിച്ചറിയാൻ ആ സംഭാഷണം കാരണമായി. എ പി, ഇ കെ എന്നത് സുന്നീ സൗഹൃദങ്ങൾക്ക് മതിൽക്കെട്ടുണ്ടാക്കിയ അഗ്നികട്ടകളല്ലെന്ന വസ്തുത സമൂഹം തിരിച്ചറിയാൻ ഇടയ്ക്കൊക്കെ പണ്ഡിതന്മാരെ അഭിമുഖീകരിക്കുന്നത് ഉചിതമാണ്.ഖാസിം ഉസ്താദിന്‍റെ ജീവിതം അതിന്‍റെ മകുടോദാഹരണമായിരുന്നു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ടായിരുന്ന താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി കുഞ്ഞിക്കോയ ഉള്ളാൾ(ഖ.സി) തങ്ങളുടെ വഫാത്തിനെ തുടർന്ന് ബദ്‌രിയ്യ നഗറിലെ യുവാക്കൾ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംബന്ധിക്കുകയും ഉള്ളാൾ തങ്ങളെ മനോഹരവും കാലോചിതവും ചിന്താർഹനീയവുമായ ശൈലിയിൽ പ്രശംസിച്ച് പ്രസംഗിക്കുകയും ചെയ്തത് ഖാസിം മുസ്ലിയാരിലെ നിഷ്കളങ്കതെയാണ് അറിയിക്കുന്നത്.

സൗഹൃദം ആരാധനയാക്കിയ പണ്ഡിതനാണ് എം. എ ഖാസിം മുസ്ലിയാർ.ബദ്രിയ്യ നഗറിലെ സംഭാഷണത്തിന് ശേഷം ലേഖനം പ്രസിദ്ധീകരിച്ച് വന്നപ്പോൾ ഉസ്താദിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയും പത്രം വായിച്ചതിന് ശേഷം അദ്ദേഹം വിളിച്ച് സന്തോഷം അറിയിക്കുകയും ചെയ്തപ്പോഴാണ് ഖാസിം ഉസ്താദിന്‍റെ പാരാവാരം പോലെ കിടക്കുന്ന സൗഹൃദ ചങ്ങലയുടെ നിദാനം അടുത്തറിഞ്ഞത്. ഉമ്മയുടെ മരണ വിവരം അറിഞ്ഞപ്പോൾ സ്ഥാപനത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി സന്തോഷിപ്പിച്ചു. താനുമായി ബന്ധപ്പെടുന്നവരുടെ പ്രായവ്യത്യാസം മാനദണ്ഡമാക്കാതെ സ്നേഹം ചൊരിഞ്ഞ് കൊടുത്ത പണ്ഡിതനെയാണ് നമുക്ക് നഷ്ടമായത്.

ആരെയും ആകർഷിപ്പിക്കുന്ന സ്വഭാവവൈശിഷ്ഠ്യമാണ് ഖാസിം മുസ്ലിയാരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. പിരിയുമ്പോൾ തീരുന്ന പരിചയമായിരുന്നില്ല അദ്ദേഹത്തിനുണ്ടായിരുന്നത്.ഓർമ്മ നിലനിൽക്കും വരെ നീണ്ട് നിൽക്കുന്ന പരിചയമായിരുന്നു അദ്ദേഹത്തിന്റേത്.അപാരവും അനുഗ്രഹവുമായ ഓർമ്മശക്തി അദ്ദേഹത്തിന്‍റെ പ്രത്യേകതയാണ്.ഖാസിം മുസ്ലിയാരുടെ സ്വഭാവ മഹിമയെ കുറിച്ച് പറയാൻ നൂറ്നാക്കുകളായിരിക്കും കാത്തിരിക്കുക.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അവസാനമായി സംസാരിച്ചത്. വിദ്യാഭ്യാസ ബോർഡിന്‍റെ യോഗം കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാൻ സ്‌റ്റേഷനിൽ എത്തിയ ഖാസിം ഉസ്താദിനെ കണ്ടപ്പോൾ സലാം പറഞ്ഞു. പരിചയം പറയാൻ വാ തുറക്കുന്നതിന് മുമ്പ് തന്നെ “നിങ്ങളന്തെ ഇവിടെ” എന്ന സ്വത സിദ്ധമായ ശൈലിയിലെ ചോദ്യവും.പണിപ്പുരയിൽ നിൽക്കുന്ന പുസ്തകത്തെ കുറിച്ച് സംസാരിച്ചപ്പോൾ “അവിടെ വരൂ, സംസാരിക്കാം” എന്നായിരുന്നു മറുപടി…അവിടെ എത്താൻ നിൽക്കാതെ ഖാസിം ഉസ്താദ് യാത്രയായ്…പുരപ്പണിയിൽ വ്യാപൃതനായിരിക്കുമ്പോഴാണ് ഉസ്താദിന്‍റെ വഫാത്ത് വിവരം അറിയുന്നത്.നാഥൻ അദ്ദേഹത്തിന്‍റെ ദറജ വർദ്ധിപ്പിക്കട്ടെ… ആമീൻ.

0Shares