തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പാമ്പാടി നെഹ്‌റു കോളേജിനെതിരെയുള്ള നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്. കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചിരുന്നതായി വ്യക്തമാക്കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് പോലീസിന് ലഭിച്ചത്. മാനേജ്‌മെന്റിന്റെ ശത്രുതയ്ക്ക് കാരണം ഇതാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സാങ്കേതിക സര്‍വകലാശാലയുടെ ഒരു പരീക്ഷ ഡിസംബര്‍ രണ്ടിന് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇത് ക്രിസ്തുമസിന് ശേഷമേ ഉണ്ടാകൂ എന്ന് പിന്നീട് അറിയിച്ചു. അതിനിടെ തീരുമാനം വീണ്ടും മാറ്റി ഡിസംബര്‍ 13ന് പരീക്ഷ നടത്തി. ഇതിനെതിരെ ജിഷ്ണു രംഗത്തെത്തുകയായിരുന്നു. വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും ജിഷ്ണു സന്ദേശമയച്ചിരുന്നു എന്നാണ് വിവരം. ഇതിനായി വിദ്യാര്‍ത്ഥികളോട് സമരത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്താണ് ജിഷ്ണു വാട്സ് ആപ്പ് സന്ദേശങ്ങള്‍ നല്‍കിയിരുന്നത്. പരീക്ഷ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും യൂണിവേഴ്സിറ്റി അധികൃതര്‍ക്കും ജിഷ്ണു എഴുതിയ കത്തുകളുടെ കോപ്പിയും വോയ്സ് സന്ദേശവുമാണ് വാട്സ് ആപ്പിലൂടെ കൈമാറിയിരുന്നത്.

ഇതെല്ലാം കാരണമാണ് ജിഷ്ണുവിനോട് മാനേജ്മെന്റിന് അതൃപ്തിയുണ്ടാകാന്‍ ഇടയായത് എന്നാണ് നിഗമനം. ജിഷ്ണുവിന്റെ ഫോണില്‍ നിന്ന് നഷ്ടപ്പെട്ടുപോയ സന്ദേശങ്ങള്‍ പോലീസ് തിരിച്ചെടുക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരീക്ഷ മാറ്റിവെച്ചതിനെ ജിഷ്ണു ചോദ്യം ചെയ്തിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തെ മൊഴി നല്‍കിയിരുന്നെങ്കിലും ആവശ്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസിന് പുറമെ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍,വിപിന്‍ പിആര്‍ഒ സജിത്ത് എന്നിവരാണ് ജിഷ്ണു പ്രണോയ് കേസിലെ പ്രതികള്‍. പ്രതികള്‍ക്ക് നേരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കു നേരെ ചുമത്തിയിരിക്കുന്നത്. ഗുരുതര ആരോപണങ്ങളാണ് അധ്യാപകര്‍ക്കെതിരെ കുറ്റപത്രത്തിലുളളത്. ജിഷ്ണുവിനെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചുവെന്നും സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇതില്‍ രണ്ടുപ്രതികള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. മറ്റുപ്രതികളെ കസ്റ്റഡിയില്‍ എടുക്കാനോ അറസ്റ്റ് ചെയ്യാനോ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഫോണില്‍ നിന്ന് തിരിച്ചെടുത്ത സന്ദേശങ്ങള്‍ കേസില്‍ നിര്‍ണ്ണായകമാകും.