ചെറുവത്തൂര്‍: കൊടക്കാട് നാടിന്റെ സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ കലാ കായിക സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും നാരായണ സ്മാരക ഗ്രന്ഥാലയത്തിന്റെ സ്ഥാപക സാരഥിയും അദ്ധ്യാപക ശ്രേഷ്ടനും ആദ്യകാല നാടകനടനും കൊടക്കാട് പണയക്കാട്ട് ഭഗവതി സ്ഥാന തറവാട് കാരണവരുമായ കോട്ടേന്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ (86) അന്തരിച്ചു. 1954 മുതല്‍ 1988 വരെ പൊള്ളപ്പൊയില്‍ എ.എല്‍.പി.സ്‌ക്കൂള്‍ അദ്ധ്യാപകനായിരുന്നു. പിലിക്കോട് ഗ്രാമ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉത്തര മലബാറിലെ ആദ്യകാല നാടകപ്രവര്‍ത്തകനായിരുന്ന കുഞ്ഞിരാമന്‍ മാഷ് സിനിമാനടി എന്ന നാടകത്തില്‍ അഭിനയിച്ച്‌കൊണ്ടാണ് നാടക രംഗത്ത് പ്രവേശിച്ചത്.
നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയുടെ ഗുഡ് നൈറ്റ്, സി എല്‍ ജോസിന്റെ തീപിടിച്ച ആത്മാവ്, തോപ്പില്‍ ഭാസിയുടെ സര്‍വ്വേ കല്ല്, പി.കുമാരന്‍ നായരുടെ തീപ്പൊരി, തുടങ്ങി നൂറിലധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തീപ്പൊരി നാടകത്തിലെ അഭിനയത്തിന് 1968ല്‍ പി.കെ വിക്രമന്‍ നായര്‍ ട്രോഫിയും മാഷ് കരസ്ഥമാക്കിയിട്ടുണ്ട്. കൊടക്കാട് നാരായണ സ്മാരക കലാനിലയം, കരിവെള്ളൂര്‍ ശ്രീഹരി തീയറ്റേഴ്‌സ്, പൊള്ളപ്പൊയില്‍ കൈരളി ആര്‍ട്‌സ് ക്ലബ്ബ്, കരിവെള്ളൂര്‍ ദേശാഭിമാനി കലാസമിതി ,തൃക്കരിപ്പൂര്‍ ദേശീയ കലാവേദി തുടങ്ങിയ കലാസമിതികളിലും മാഷ് അഭിനയിച്ചിട്ടുണ്ട്. പലേരി പത്മിനിയമ്മ യാണ് ഭാര്യ. ജയറാം, കുസുമ കുമാരി, പ്രഭാവതി എന്നിവര്‍ മക്കളാണ്. മൃതദേഹം ഇപ്പോള്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണ്. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 7 മണിക്ക്.
കോട്ടേന്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ യാത്രയായി… ജീവിതത്തിലെ എല്ലാ വേഷങ്ങളും അഴിച്ച് വെച്ച് …