
കൊല്ലം: കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയ പ്രതികളെ തിരിച്ചറിഞ്ഞു. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു. വഴിയോര കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. നാട്ടിലുള്ള ചിലർ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാർ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്.

ഇന്നലെയായിരുന്നു പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ മാതാപിതാക്കള്‍ പോലീസിൽ പരാതി നൽകിയെങ്കിലും പോലീസുകാർ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തആരംഭിച്ചത്. ഓച്ചിറയിലെ വലിയകുളങ്ങര പ്രദേശത്താണ് ഇവർ വഴിയോരക്കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ ഒരു മാസമായി ഈ പ്രദേശത്ത് ഇവർ കച്ചവടം നടത്തുകയാണ്.
പ്ലാസ്റ്റർ ഓഫ് പാരീസില്‍ വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കുടുംബമാണിത്. ഇന്നലെ രാത്രി 11 മണിയോടെ ഒരു സംഘമാളുകൾ ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കി വഴിയിൽത്തള്ളിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തട്ടിക്കൊണ്ടുപോയ പെൺകുട്ടി ഇപ്പോൾ എവിടെയുണ്ടെന്നതുൾപ്പടെ കൃത്യമായ ഒരു വിവരവും ഇനിയും പോലീസിന് കിട്ടിയിട്ടില്ല.
