
കാസര്‍കോട്: കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ ജില്ല പൂര്‍ണ്ണ സജ്ജമാണ് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കളക്ടര്‍ അടിയന്തിര യോഗം വിളിച്ചുചേര്‍ത്ത് സാഹചര്യം വിലയിരുത്തിയത്.ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയ 86 പേരില്‍ ഒരാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇത്.
85 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. വൈറസ് ബാധിച്ചയാളുടെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണെമെന്നും കളക്ടര്‍ അറിയിച്ചു. കാഞ്ഞങ്ങാട് ഡി. എം. ഒ ഓഫീസില്‍ അടിയന്തിര സാഹചര്യത്തെ നേരിടാന്‍ കണ്‍ട്രോള്‍ റൂം തുറന്നു. ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയ മുഴുവന്‍ പേരും കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യണം. കണ്‍ട്രോള്‍ റൂം നമ്പര്‍ 9946000493,0467 2217777, ദിശ ടോള്‍ ഫ്രീ നമ്പര്‍ 0471 2552056. ഇവര്‍ പൊതുജനാരോഗ്യത്തെയും വ്യക്തി സുരക്ഷയെയും മുന്‍നിര്‍ത്തി പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കണം.

അതേപോലെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ 15 ഉപസമിതികള്‍ പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ ദിവസവും വൈകീട്ട് 4.30 ന് ഉപസമിതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. വൈകീട്ട് ഏഴിന് ഔദ്യോഗിക ആരോഗ്യ വാര്‍ത്താ കുറിപ്പ് പ്രസിദ്ധീകരിക്കും. അടിയന്തിര സാഹചര്യം നേരിടാന്‍ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 108 ആംബുലന്‍സ് സേവനവും ഒരുക്കിയിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് 34 ഐസലോഷന്‍ മുറികള്‍ സജ്ജമാക്കി. ജില്ലാ ആശുപത്രിയില്‍ 18 ഐസലോഷന്‍ മുറികളും ജനറല്‍ ആശുപത്രിയില്‍ 12 ഐസലോഷന്‍ മുറികളും സ്വകാര്യ ആശുപത്രിയില്‍ നാല് ഐസലോഷന്‍ മുറികളുമാണ് ഒരുക്കിയിരിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ഐസലോഷന്‍ മുറികള്‍ ആരംഭിക്കും.
കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയുന്നതിനും കൈമാറുന്നതിനും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിലും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും.
കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍. ദേവിദാസ്, ഡെപ്യൂട്ടി ഡി. എം. ഒ മാരായ ഡോ.എ. വി രാംദാസ്, ഡോ. എ. ടി മനോജ്,ഡോ. കെ .കെ ഷാന്റി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ കെ. വി പ്രകാശന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജറാം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ജില്ലാ ടി. ബി ഓഫീസര്‍ ഡോ. ടി. പി ആമിന, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ്. സയന, ഡി.ഡി.ഇ കെ. വി പുഷ്പ, മലേറിയ ഓഫീസര്‍ പ്രകാശന്‍, സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ ജയകുമാരി, പി. എച്ച്. എന്‍ ശ്രീമണി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
