കേരള പോലീസിന് അഭിമാനമാണ് കെ.വി വേണുഗോപാൽ; തളിപ്പറമ്പ് ഡി.വൈ.എസ്.പിയെ കുറിച്ച് കൂടുതൽ അറിയാം..

You are currently viewing കേരള പോലീസിന് അഭിമാനമാണ് കെ.വി വേണുഗോപാൽ; തളിപ്പറമ്പ് ഡി.വൈ.എസ്.പിയെ കുറിച്ച് കൂടുതൽ അറിയാം..

കാസർകോട്/ കണ്ണൂർ: കേരള പോലീസിന് അഭിമാനമാണ് കെ.വി വേണുഗോപാൽ എന്ന പോലീസ് ഉദ്യോഗസ്ഥൻ. നിലവിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ഡി വൈ എസ് പി യാണ് ഇദ്ദേഹം. ഏറ്റടുത്ത കൊലപാതക കേസുകളിൽ അഞ്ച് എണ്ണവും തെളിയിക്കപ്പെട്ടു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ അപൂർവ്വം ചില ഉദ്യോഗസ്ഥരിൽ ഒരാളായി ഈ പോലീസ് ഉദ്യോഗസ്ഥനും മാറി. ഇതിനകം തന്നെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതിയും ഇദ്ദേഹത്തെ തേടിയെത്തി. അന്വേഷണം നടത്തിയ മറ്റു ചിലകേസുകൾ ഇപ്പോൾ കോടതിയിലാണ്. അതുകൊണ്ട്തന്നെ അതിനെകുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയാറല്ല. കൊലപാതക കേസിന് പുറമെ മറ്റു പലകേസുകളിലും മികവ് കാണിച്ച ചരിത്രമാണ് കെ.വി വേണുഗോപാലിനുള്ളത്. കാസർകോട് ജില്ലയിലെ ചിമേനി സ്വദേശിയാണ്.അന്വേഷണ മികവിൻ്റെ ചുരുക്കം നാള്‍ വഴികള്‍ ഇങ്ങനെ

അടുത്തിടെ തെളിയിക്കപ്പെട്ട മൂലക്കല്‍ രാജേഷ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ. ചെറുവത്തൂര്‍ മടക്കര മൂലക്കല്‍ രാജേഷ് (28)വധക്കേസില്‍ ഒന്നാം പ്രതിയെ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കൃത്യമായ സാക്ഷികളൊന്നും ഇല്ലാതിരുന്ന രാജേഷ് വധക്കേസ് ഇപ്പോൾ തളിപ്പറമ്പ് ഡി.വൈ.എസ്.പി യായ കെ.വി വേണുഗോപാലിൻ്റെ അന്വേഷണ മികവിലാണ് തെളിയിക്കപ്പെട്ടത്.

വേണുഗോപാൽ ഹൊസ്ദുര്‍ഗ് സി.ഐ ആയിരിക്കെ അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ചന്തു വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും നേടിക്കൊടുത്തു. ദൃക്‌സാക്ഷിയായി ഒരു കുട്ടി മാത്രം ഉണ്ടായിരുന്ന കേസിൻ്റെ അന്വേഷണം ശാസ്ത്രീയമായ രീതിയിലാണ് വേണുഗോപാൽ അന്വേഷിച്ചത്. ഹൊസ്ദുര്‍ഗ് സി.ഐ ആയിരുന്ന വി.പി സുരേന്ദ്രന്‍ തുടക്കത്തില്‍ അന്വേഷിച്ച കേസ് പിന്നീട് വേണുഗോപാല്‍ ഏറ്റെടുക്കുകയായിരുന്നു. ഈ കേസില്‍ മുന്‍ ഗള്‍ഫുകാരനായ അമ്പലത്തറ അരീക്കരയിലെ കുഞ്ഞിരാമൻ(51) നെ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് (രണ്ട്) ജഡ്ജ് ശിക്ഷിച്ചത്.

ഇതേ കാലയളവിലാണ് മടിക്കൈ കാരക്കോട് സ്വദേശിനി ഇന്ദിര(37) നെ ചാരിത്ര്യത്തില്‍ സംശയിച്ച്‌ വാക്കത്തി കൊണ്ട് മൃഗീയമായി വെട്ടിക്കൊന്ന സംഭവമുണ്ടായത്. കേസില്‍ ഭര്‍ത്താവും കാഞ്ഞങ്ങാട്ട് ഓട്ടോഡ്രൈവറുമായ പക്രു കൃഷ്ണ(45)നെ കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജീവപര്യന്തം തടവിനും 25,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. ഈ കേസില്‍ 24 മണിക്കൂറിനകം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തത് വേണുഗോപാലായിരുന്നു. അതിവേഗം കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വാങ്ങികൊടുക്കാനായി. ദൃക്സാക്ഷികളില്ലാത്ത ഈ കേസില്‍ 99 ശതമാനവും ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണമാണ് നടത്തിയത്. ഇളയ മകള്‍ക്ക് തൻ്റെ ഛായ ഇല്ലെന്ന തോന്നലാണ് പക്രു കൃഷ്ണനെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. 2012 മാര്‍ച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം.

2003 ജനുവരി ഒമ്പതിന് രാത്രി നാടിനെ നടുക്കിയ മറ്റൊരു കൊലപാതകം നടന്നു. തായന്നൂര്‍ ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്ന ബാഡൂര്‍ കോളനിയിലെ കടുക്ക രാജു (35)ണ് കൊല്ലപ്പെട്ടത്. വീടിനു മുമ്പിലുള്ള റോഡില്‍ വെച്ചാണ് കൊലപാതകം. ഈ കേസിലെ പ്രതി രാജുവിൻ്റെ ഭാര്യ ബാലാമണിയുടെ അമ്മാവനുമായ കാരിക്കുട്ടിയെന്ന രാമകൃഷ്ണനെ (48) ജീവപര്യന്തം തടവിനും 25000 രൂപ പിഴയടയ്ക്കാനും കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി(മൂന്ന്) ശിക്ഷിച്ചു. രാമകൃഷ്ണൻ്റെ ബന്ധു കവുങ്ങിന്‍ തോട്ടത്തില്‍ നിന്നും അടയ്ക്ക മോഷ്ടിച്ചുകടത്തിയ സംഭവവും രാജുവിൻ്റെ പറമ്പിൽ നിന്നും കുടിവെള്ളം എടുക്കുന്നത് വിലക്കിയതുമാണ് കൊലപാതകത്തിന് കാരണം. ഈ കേസ് അന്വേഷിച്ചതും പ്രതിക്ക് ശിക്ഷ വാങ്ങികൊടുത്തതും ഹൊസ്ദുര്‍ഗ് സി.ഐ ആയിരുന്ന വേണുഗോപാല്‍ ആയിരുന്നു.

ഇതേ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് സി.ഐ ആയിരിക്കെയാണ് മൂലക്കല്‍ രാജേഷ് വധക്കേസ് വിവാദമാകുന്നത്. കൃത്യമായ സാക്ഷികളൊന്നും ഉണ്ടാകാതിരുന്ന മൂലക്കല്‍ രാജേഷ് വധക്കേസില്‍ ലോക്കല്‍ പോലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് ഒതുക്കാന്‍ ശ്രമിച്ചു. ഇതോടെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച്‌ രംഗത്ത് വരികയായിരുന്നു. തുടര്‍ന്നാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുന്നത്. ക്രൈംബ്രാഞ്ചിൽ സി.ഐ ആയിരുന്ന കെ.വി വേണുഗോപാലിനായിരുന്നു അന്വേഷണ ചുമതല. അന്വേഷണം ഏറ്റെടുത്ത വേണുഗോപാൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തെളിവ് ശേഖരിച്ചു. ശേഷം മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയുടെ അനുമതിയോടെ ദൃക്സാക്ഷികളൊന്നും ഇല്ലാതിരുന്ന കേസില്‍ മൂന്നാം പ്രതിയെ മാപ്പുസാക്ഷിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

2009 നവംബറില്‍ കരിവേടകത്തെ ബാര്‍ബര്‍ തൊഴിലാളി രമേന്ദ്രന്‍ എന്ന രമണനെ അടിച്ചുകൊന്ന കേസിലെ പ്രതി കരിവേടകം ഓറുക്കുഴിയിലെ രാജുവിനെ(51) പത്തുവര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ണ് ശിക്ഷ വിധിച്ചത്. അന്ന് ആദൂര്‍ സി.ഐ ആയിരുന്ന വേണുഗോപാലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.

തളിപ്പറമ്പിലെ റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി ബാലകൃഷ്ണൻ്റെ ദുരൂഹമരണവും സമർത്ഥമായി അന്വേഷിച്ചത് കെ.വി വേണുഗോപാലാണ്. ഈ കേസിൽ പയ്യന്നൂരിലെ അഭിഭാഷക കെ.വി ഷൈലജയും ഭര്‍ത്താവ് പി കൃഷ്ണകുമാറും പ്രതികളായി. ഷൈലജയുടെ സഹോദരി ജാനകി ബാലകൃഷ്ണനെ വിവാഹംചെയ്തുവെന്ന് വ്യാജ വിവാഹസര്‍ട്ടിഫിക്കറ്റുണ്ടാക്കി ബാലകൃഷ്ണൻ്റെ സ്വത്തുതട്ടിയെടുത്തുവെന്ന പ്രമാദമായ കേസാണ് സമര്‍ത്ഥമായ അന്വേഷണത്തിലൂടെ വേണുഗോപാൽ തെളിയിച്ചത്.

പട്ടാപ്പകല്‍ പഴയങ്ങാടിയിലെ അല്‍ ഫാത്തിബി ജ്വല്ലറി കൊള്ളയടിച്ച കേസും തെളിയിച്ചത് കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിലുളള സംഘമാണ്. ഇത് കൂടാതെ ഇത്തരത്തിലുള്ള പലകേസുകളിലും സഹ പ്രവർത്തകരുടെ സഹകരണം കൊണ്ട് തുമ്പുണ്ടാക്കാനായി എന്നാണ് ഈ ഉദ്യോഗസ്ഥൻ പറയുന്നത്. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും തെളിവും ദൃക്സാക്ഷികളുമില്ലാത്ത ആറു കേസുകളില്‍ പ്രതികളെ പിടികൂടിയ അന്വേഷണ മികവ് പരിഗണിച്ച്‌ ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതിക്കും കെ.വി വേണുഗോപാല്‍ അര്‍ഹനായി.ജോലിയില്‍ ആത്മാര്‍ത്ഥതയും സത്യസന്ധതയും മുറുകെ പിടിക്കുന്ന ചില ഉദ്യോഗസ്ഥരിൽ ഒരാളാണ് വേണുഗോപാൽ. കേസന്വേഷണത്തില്‍ നല്‍കുന്ന പരിഗണനയും പരസ്പര ബഹുമാനവും ഇദ്ധേഹത്തോടൊപ്പം ജോലിചെയ്യാന്‍ സഹപ്രവര്‍ത്തകര്‍ക്കും ഏറെ താല്‍പര്യമാണ്. കൂടെ ജോലിചെയ്യുന്ന ഈ ഉദ്യോഗസ്ഥനെ കുറിച്ച് നല്ലത് പറയാൻ സഹപ്രവർത്തകരും മത്സരിക്കുന്നു. ഇതു തന്നെയാണ് കെ.വി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത്.

0Shares