
തിരുവനന്തപുരം: അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ ചിറകൊടിച്ചുകൊണ്ട് കേരള-ബംഗളൂരു റൂട്ടിൽ 100 സർവീസ‌് ആരംഭിക്കാൻ ഗതാഗതവകുപ്പ‌് തീരുമാനിച്ചു. ഇരുസംസ്ഥാനങ്ങളിലെയും ഗതാഗതസെക്രട്ടറിമാർ നടത്തിയ ചർച്ചയിലാണ‌് ഇക്കാര്യത്തിൽ ധാരണയായത‌്. തുടർനടപടി സ്വീകരിക്കാൻ കെ.എസ‌്ആർടി.സി എം.ഡിയെ ചുമതലപ്പെടുത്തിയതായി ഗതാഗതമന്ത്രിയുടെ ഓഫീസ‌് അറിയിച്ചു. കേരളവും കർണാടകവും 50 സർവീസ‌് വീതം നടത്തും.

ഇതിനായി താൽക്കാലിക പെർമിറ്റ‌് അനുവദിക്കും. മൾട്ടി ആക‌്സിൽ ബസുകളാകും സർവീസിനായി നിരത്തിലിറങ്ങുക. കെഎസ‌്ആർടിസിയുടെ കൈവശം ആവശ്യത്തിന‌് ബസില്ലാത്ത സാഹചര്യത്തിൽ പാട്ടത്തിന‌് വണ്ടിയെടുക്കും. ബസ‌് നൽകാൻ സന്നദ്ധതയുള്ളവരിൽനിന്ന‌് ഉടൻ താൽപ്പര്യപത്രം ക്ഷണിക്കും. എറണാകുളം, തൃശൂർ, കോഴിക്കോട‌്, തിരുവനന്തപുരം കേന്ദ്രീകരിച്ച‌് പത്തുദിവസത്തിനകം സർവീസ‌് ആരംഭിക്കും. 20 പെർമിറ്റ‌് സംസ്ഥാനത്തിന്‍റെ കൈവശമുണ്ട‌്. പുതുതായി ആരംഭിക്കുന്ന സർവീസുകൾ പര്യാപ‌്തമല്ലെങ്കിൽ കോൺട്രാക്ട‌് ക്യാരേജുകളും ഏർപ്പെടുത്തും. നിലവിൽ കർണാടകത്തിലേക്ക‌് 52 സർവീസുണ്ട‌്. ബംഗളൂരു സർവീസിനുപുറമേ ചെന്നൈയിലേക്കും ആവശ്യമെങ്കിൽ അധിക സർവീസ‌് തുടങ്ങും.
