
കാഞ്ഞങ്ങാട്: സംസ്ഥാന സഹകരണ ബാങ്കും കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ചുകൊണ്ട് രൂപീകൃതമാവുന്ന കേരളബാങ്ക് ഉടൻ യാഥാർഥ്യമാവുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാന സർക്കാർ ബാങ്കിനാവശ്യമായ എല്ലാ നടപടികളും പൂർത്തിയാക്കിയെങ്കിലും ചിലരുടെ കുത്തിത്തിരുപ്പുകളും എതിർ പ്രചാരവേലകളും കൊണ്ട് മാത്രമാണ് റിസർവ് ബാങ്കിന്‍റെ അനുമതി കിട്ടാൻ വൈകുന്നതെന്ന് ജില്ലാ സഹകരണ ബാങ്ക് എംപ്ലോയ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ നടത്തിയ സഹകരണ പ്രഭാഷണത്തിൽ മന്ത്രി പറഞ്ഞു.
ജില്ലാ ബാങ്കുകളുടെ ഭരണസമിതി ഇല്ലാതാവുമെന്നതിനപ്പുറം മറ്റൊന്നും കേരളബാങ്ക് വരുന്നതോടെ സംഭവിക്കാൻ പോകുന്നില്ല. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളുടെ അപ്പക്‌സ് സംഘമായിരിക്കും കേരളബാങ്ക്. കൂടാതെ ആധുനിക സാങ്കേതിക വിദ്യയിലൂന്നിയ ഏകീകൃത ബാങ്കായിരിക്കും. പ്രാഥമിക ബാങ്കുകൾക്കോ മറ്റു സഹകരണ ബാങ്കുകൾക്കോ പുതുതലമുറയെ ആകർഷിക്കാൻ കഴിയുന്നില്ല. ആധുനിക സംവിധാനങ്ങൾ ഇല്ലാത്തതാണ് അതിന് കാരണം.

എല്ലാം വിരൽത്തുമ്പിൽ നടത്തുന്നതാണ് പുതിയ ബാങ്കിങ് രീതി. ഇത്തരത്തിൽ എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിൽ കേരളബാങ്കിനെ വളർത്തിയെടുക്കാൻ സംസ്ഥാനത്തിന് കഴിയുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
സംസ്ഥാനത്തെ മൊത്തം പ്രാഥമിക സഹകരണ ബാങ്കുകളിൽ മൂന്നുകോടി ആറുലക്ഷം അംഗങ്ങളുടെ മൂന്നര ലക്ഷത്തി എണ്ണായിരം കോടി രൂപയുടെ നിക്ഷേപം ഇപ്പോൾ പ്രാഥമിക സഹകരണ ബാങ്കുകളിലുണ്ട്. സർക്കാരിന്‍റെ സംരക്ഷണത്തിൽ പ്രാഥമിക സഹകരണ ബാങ്കംഗങ്ങളുടെയും ഇടപാടുകാരുടെയും താല്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്ന് മന്ത്രി ഉറപ്പ് നൽകി.
പ്രാഥമിക സംഘങ്ങളുടെ അംഗസംഖ്യയും നിക്ഷേപവുമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്‍റെ കരുത്ത്. ഇവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനും നിക്ഷേപകർക്ക് മികച്ച സേവനം നൽകാനും കേരളബാങ്ക് പര്യാപ്തമാവും. കേരളബാങ്കിനെ കേരളത്തിലെ പ്രതിപക്ഷവും ബിജെ.പിയും എതിർക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്‌ഷ്യം മാത്രമാണ്. മാതൃകാപരമായി പ്രവർത്തിക്കുന്ന സഹകരണ മേഖലയെ തകർക്കാനാണ് എതിരാളികളുടെ ശ്രമമെന്നും മന്ത്രി കുറ്റപ്പെടുത്തി. റിസർവ് ബാങ്കിന്‍റെ നടപടികൾ അന്തിമഘട്ടത്തിലാണെന്നും കേരളബാങ്കിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.
