
ന്യൂഡല്‍ഹി: ശബരിമല വിഷയം ഉണ്ടായപ്പോൾ കേരളത്തിൽ വിശ്വാസികള്‍ക്കൊപ്പം നിന്നത് ബി.ജെ.പി മാത്രമാണെന്നും എല്ലാവരുടെയും വിശ്വാസത്തെ ബാധിക്കുന്ന വിഷയമാണ് ശബരിമലയെന്നും കുമ്മനം രാജശേഖരൻ. കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്കൊപ്പം നില്‍ക്കുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു നിമിത്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഏതെങ്കിലും ഉപാധികളോടെയല്ല കേരളത്തിലേക്ക് തിരിച്ച് വന്നതെന്നും താന്‍ എന്തു ചെയ്യണമെന്ന കാര്യം സംഘടനയാണ് തീരുമാനിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല. സംഘടന ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിര്‍വ്വഹിക്കും. യാതൊരുവിധ പ്രതീക്ഷകളും വച്ചല്ല കേരളത്തിലേക്ക് വരുന്നത്.
സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും ബി.ജെ.പിക്ക് പ്രതീക്ഷയുണ്ട്. കേരളത്തില്‍ ഇപ്പോൾ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ കൂടി വരികയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം അല്ലാതെ പ്രത്യേകിച്ച് ഒരു മണ്ഡലമല്ല ലക്ഷ്യം, കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ തന്റെ സാന്നിധ്യം അനിവാര്യമെന്ന് തോന്നിയതിനാലാണ് കേരളത്തിലേക്കുള്ള മടക്കമെന്ന് കഴിഞ്ഞ ദിവസവും കുമ്മനം പറഞ്ഞിരുന്നു.
