
കേരളത്തിലെ കോണ്‍ഗ്രസ് എന്നാല്‍ ഇപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്. ദേശീയ രാഷ്ട്രീയത്തില്‍ നിന്നും മാറി കേരളത്തിൽ ഉറച്ചു നിൽക്കാനുള്ള മുല്ലപ്പള്ളി രാമചന്ദ്രന്‍റെ തന്ത്രങ്ങളാണ് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ വ്യക്തമാകുന്നത്. തലസ്ഥാനത്തും കേരളത്തിലുമായി നടന്ന ചർച്ചകൾക്കെല്ലാം അവസാനം വടകരയിൽ മുല്ലപ്പള്ളി തന്നെ മത്സരിക്കണമെന്ന തീരുമാനത്തിലേക്കാണ് കോൺഗ്രസ് എത്തിയിരുന്നത്. പക്ഷെ മുല്ലപ്പള്ളി അമ്പിനും വില്ലിനും അടുക്കാത്ത സമീപനമായിരുന്നു സ്വീകരിച്ചത്.

പല പേരുകള്‍ മാറി വിദ്യ ബാലകൃഷ്ണന്‍, ബിന്ദു കൃഷ്ണ, വി.എം സുധീരന്‍, എന്നിങ്ങനെ നീണ്ട ചർച്ചയിൽ അവസാനം അഡ്വ പ്രവീണ്‍കുമാര്‍ നിർത്തി തലയൂരാനുള്ള ശ്രമത്തിലായിരുന്നു മുല്ലപ്പള്ളി. പക്ഷെ ആര്‍.എം.പി ഉള്‍പ്പെടെ വടകരയിലുടലെടുത്ത പൊട്ടിതെറി മുല്ലപ്പള്ളിയെ വീണ്ടും പ്രതിസന്ധിയിലാക്കി. പ്രശ്ന പരിഹാരത്തില്‍ അവസാനിപ്പിക്കാൻ മറ്റ് മാർഗങ്ങളൊന്നുമില്ലാതെയാണ് ഉമ്മൻ ചാണ്ടി ഇടപെട്ടത്.
തെരഞ്ഞെടുപ്പില്‍ മത്സരത്തിന് നിൽക്കാതെ പ്രസിഡന്റ് സ്ഥാനത്ത് തന്നെ മുന്നോട്ട് പോയ് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ശ്രമത്തിലാണ് മുല്ലപ്പള്ളി. മുല്ലപ്പള്ളിയുടെ ഈ ദീര്‍ഘ ദര്‍ശനം തിരിച്ചറിഞ്ഞാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഡൽഹി ചർച്ചകളിൽ തീരുമാനം മുല്ലപ്പള്ളിക്ക് വിട്ട് അടവുമാറ്റിയത്. ഒരു നിവൃത്തിയുമില്ലാതെ അവസാനം മുല്ലപ്പള്ളി മത്സരിക്കേണ്ടി വരുമെന്ന പ്രതീക്ഷയിലായിരുന്നു ഇരുവരും. പക്ഷെ ഇവിടെയും മുല്ലപ്പള്ളി തന്‍റെ രാഷ്ട്രീയ തന്ത്രങ്ങൾ പ്രയോഗിച്ചു. താന്‍ മത്സരത്തിന് ഇല്ലെന്ന നിലപാടിൽ ഉറച്ചു നിന്ന മുല്ലപ്പള്ളിയുടെ തന്ത്രങ്ങൾക്ക് വഴങ്ങുകയാണിപ്പോൾ കോൺഗ്രസ്. ചെന്നിത്തലയെ വെട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരാനുള്ള മുല്ലപ്പള്ളിയുടെ തന്ത്രങ്ങളുടെ ആദ്യച്ചുവടാണ് കേരളം ഇപ്പോള്‍ കാണുന്നത്.
