കാസര്‍കോട്: ഇടതുഭരണത്തില്‍ സംസ്ഥാനത്തിന്റെ പൊതുവിതരണസമ്പ്രദായം തകര്‍ന്നതായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ് ജില്ലാ നേതൃയോഗം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണത്തിന് ഒരു കുടുംബത്തിന് അഞ്ച് കിലോ അരിയും ഒരു കിലോ പഞ്ചസാരയും കുറഞ്ഞവിലക്ക് നല്‍കുമെന്നാണ് ഭക്ഷ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അതുണ്ടായില്ല. അരിയെത്തിയിട്ടുണ്ടെന്ന് മൊബൈല്‍ സന്ദേശം വന്നതിനെ തുടര്‍ന്ന് റേഷന്‍ ഉപഭോക്താക്കള്‍ പൊതുവിതരണ കേന്ദ്രങ്ങളിലേക്ക് പോയെങ്കിലും അരിയെത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. അരി ലഭ്യത കൂട്ടാന്‍ ഭക്ഷ്യമന്ത്രി ആന്ധ്രയിലേക്ക് പോയെങ്കിലും വെറുംകൈയ്യോടെയാണ് മടങ്ങിയത്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ എല്ലാ ഓണത്തിനും ഓണക്കിറ്റ് സൗജന്യമായി നല്‍കിയിരുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നതോടെ അത് നിര്‍ത്തലാക്കി. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുമ്പോള്‍ ബദല്‍ മാര്‍ഗം കണ്ടെത്താതെ പിണറായി സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്.
യുഡിഎഫ് ഭരണകാലത്ത് മൂന്നു തവണ കൂടിയ വിലയുടെ അധിക നികുതി വേണ്ടെന്നു വെച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതിനൊന്നും തയ്യാറാകാതെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് ആക്കം കൂട്ടുകയാണ്. നോട്ടു നിരോധനത്തിന്റെ ഗുണവും ആനുകൂല്യവും ലഭിച്ചത് കള്ളപ്പണക്കാര്‍ക്കാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. നവംബറില്‍ നടക്കുന്ന പടയൊരുക്കം സംസ്ഥാന യാത്രയുടെ ഭാഗമായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. പി. ഗംഗാധരന്‍നായര്‍ സ്വാഗതം പറഞ്ഞു. പി.ബി അബ്ദുല്‍റസാഖ് എം.എല്‍.എ, ഹക്കീം കുന്നില്‍, പി.എ അഷ്റഫലി, എം.സി ഖമറുദ്ദീന്‍, കരിവെള്ളൂര്‍ വിജയന്‍, എബ്രഹാം തോണിക്കര, എ.വി രാമകൃഷ്ണന്‍, ശാന്തമ്മഫിലിപ്പ്, അഡ്വ. ഗോവിന്ദന്‍നായര്‍, ടി.ഇ അബ്ദുല്ല, കെ.ഇ.എ ബക്കര്‍ സംസാരിച്ചു.
