കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക നയം തുടരുന്നു; തപാല്‍ സമരം ഉടന്‍ ഒത്തുതീര്‍പ്പാക്കണമെന്ന് പി കരുണാകരന്‍ എം.പി

  • Post category:local news
  • Reading time:1 min read
You are currently viewing കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക നയം തുടരുന്നു; തപാല്‍ സമരം ഉടന്‍ ഒത്തുതീര്‍പ്പാക്കണമെന്ന് പി കരുണാകരന്‍ എം.പി

കാസര്‍കോട്: തപാല്‍ സമരം ഒത്തുതീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് എന്‍.എഫ്.പി.ഇ ചെയര്‍മാന്‍ പി കരുണാകരന്‍ എം.പി ആവശ്യപ്പെട്ടു. സമരം പതിനാറാം ദിവസത്തിലേക്ക് കടന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്കും തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥ തലങ്ങളിലുള്ള ചര്‍ച്ചയാണ് ഇതുവരെ നടന്നത്. സമരം തീരാനുള്ള പോംവഴികളൊന്നും ഇത്തരം ചര്‍ച്ചകളില്‍ ഉരുത്തിരിയാറില്ല. തപാല്‍ മേഖലയിലുള്ളവര്‍ മാത്രമല്ല, വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും ഇവരുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സമരം തീര്‍ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ നേരിട്ട് കണ്ട് എംപിയെന്ന നിലയില്‍ പ്രശ്‌നം തീര്‍ക്കാന്‍ ഇടപെട്ടിരുന്നു. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക നയം തുടരുകയാണ്. സമരത്തെ തുടര്‍ന്ന് രാജ്യത്തെ തപാല്‍ മേഖലയാകെ സ്തംഭിച്ചിരിക്കുകയാണ്. കേരളത്തിലെ താപല്‍ ജീവനക്കാര്‍ ഒന്നടങ്കം സമരത്തോടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പണിമുടക്കിയിരുന്നുവെന്ന് എം.പി പ്രസ്താവനയില്‍ പറഞ്ഞു.

0Shares