കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ചാര്‍ജ് ഈടാക്കുന്നത് തോന്നിയതുപോലെ; ഫെയര്‍സ്റ്റേജിലെ അപാകത പരിഹരിക്കാന്‍ പുനര്‍നിര്‍ണയം നടത്തണമെന്ന് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

  • Post category:local news
  • Reading time:2 mins read
You are currently viewing കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ചാര്‍ജ് ഈടാക്കുന്നത് തോന്നിയതുപോലെ; ഫെയര്‍സ്റ്റേജിലെ അപാകത പരിഹരിക്കാന്‍ പുനര്‍നിര്‍ണയം നടത്തണമെന്ന് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

കാസര്‍കോട്: ഫെയര്‍ സ്റ്റേജ് നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കുന്നതിനു പുനര്‍നിര്‍ണയത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സിപി.ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഗതാഗത മന്ത്രിയോടഭ്യര്‍ഥിച്ചു. മാര്‍ച്ച് മാസം ഒന്നു മുതല്‍ സംസ്ഥാനത്ത് പുതുക്കിയ ബസ് ചാര്‍ജ്ജ് നിലവില്‍ വന്നിരിക്കുകയാണ്. എല്ലാ കാലത്തും ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതല്ലാതെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിശ്ചയിച്ച ഫെയര്‍സ്റ്റേജില്‍ യാതൊരു മാറ്റവും വരുത്തുന്നില്ല. ഇപ്പോള്‍ രണ്ടര കിലോമീറ്ററിനാണ് ഒരു ഫെയര്‍സ്റ്റേജ് നിശ്ചയിച്ചിട്ടുള്ളത്. അത് മിനിമം ചാര്‍ജ്ജ് 20 പൈസ ഉള്ളപ്പോഴോ അതിനും മുമ്പോ ഉള്ളതാണ്. ചില സ്റ്റേജിലേക്ക് രണ്ടര കിലോമീറ്റര്‍ ദൂരം ഉണ്ടാകുന്നില്ല. പ്രധാനപ്പെട്ട ടൗണോ, സ്റ്റേഷനുകളോ വന്നാല്‍ അവിടെ സ്റ്റേജ് നിശ്ചയിച്ചിട്ടുണ്ട്. ഇത് കൊണ്ട് ചിലപ്പോള്‍ 4 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഏഴര കിലോമീറ്ററിന്റെ ചാര്‍ജ്ജ് നല്‍കേണ്ടിയും വരുന്നു. ഇത് കാരണം സഞ്ചരിക്കാത്ത ദൂരത്തിന് ചാര്‍ജ്ജ് നല്‍കേണ്ട സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം മന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി യാണെങ്കില്‍ ഓഡിനറി ബസിന്റെ സ്റ്റേജ് മാത്രമേ ജില്ലയില്‍ നിശ്ചയിക്കുന്നുള്ളു. ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ളതിന്റെ ഫെയര്‍സ്റ്റേജ് കളിയിക്കാവിള മുതല്‍ തലപ്പാടി വരെ എടുത്താണ് നിശ്ചയിച്ചിട്ടുള്ളത്. അതും നേരത്തെ സൂചിപ്പിച്ചത് പോലെ വലിയ ടൗണുകള്‍ അടിസ്ഥാനമാക്കിയാണ് സ്റ്റേജ് നിശ്ചയിക്കുന്നത്. ഇത് കാരണം ഫാസ്റ്റ്, സൂപ്പര്‍ ഡിലക്സ് ബസുകള്‍ റിക്വസ്റ്റ് സ്റ്റോപ്പ് നിശ്ചയിച്ച് പത്തും ഇരുപതും കിലോമീറ്റര്‍ അപ്പുറത്തുള്ള സ്റ്റോപ്പിന്റെ പണം ഈടാക്കുകയാണ്.
കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ കാസര്‍കോട് ജില്ലയിലെ ആശാസ്ത്രീയമായി ചാര്‍ജ്ജ് വാങ്ങുന്നതിന്റെ ഒരു ഉദാഹരണം ചൂണ്ടി കാണിക്കാം. കാഞ്ഞങ്ങാട് -നീലേശ്വരം-10 കിലോമീറ്റര്‍ യാത്രക്ക് 17 രൂപയും കാഞ്ഞങ്ങാട്-പെരിയ 12 കിലോമീറ്റര്‍ യാത്രക്ക് 16 രൂപയുമാണ് ഫെബ്രുവരി 28 വരെ നല്‍കിയിരുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ ഈ രണ്ടിടങ്ങളിലേക്കും മുകളില്‍ പറഞ്ഞ ദുരങ്ങളിലേക്കുള്ള യാത്രക്ക് 18 രൂപയാണ് ഈടാക്കുന്നത്. ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധനയില്‍ കിലോമീറ്റര്‍ നിരക്കാണ് പറയുന്നത്. എന്നാല്‍ ഈടാക്കുന്ന ചാര്‍ജ്ജും കിലോമീറ്റര്‍ ചാര്‍ജ്ജും തമ്മില്‍ യാതൊരു ബന്ധവുമുണ്ടാകുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഇതൊക്കെ പരിഹരിക്കാന്‍ ഫെയര്‍ സ്റ്റേജ് നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കുകയാണ് മാര്‍ഗ്ഗം. ആയതിനാല്‍ ഫെയര്‍സ്റ്റേജ് പുനര്‍നിര്‍ണ്ണയിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പള്ളിക്കാപ്പില്‍ ഗതാഗത മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

0Shares