കൂടത്തായി കേസ് ഇനിമുതൽ ഐ.പി.എസ് ട്രെയിനിംഗിന്‍റെ പഠന വിഷയം; നിലവിലെ ബാച്ചുകാര്‍ക്ക് ജോളിയെ ചോദ്യം ചെയ്യുന്നത് നിരീക്ഷിക്കാനുള്ള സൗകര്യം ഒരുക്കി; കേസ് അന്വേഷിക്കുന്നത് എസ്.പി ദിവ്യ എസ്. ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള വിദഗ്‍ധസംഘം

  • Post category:news
  • Reading time:1 min read
You are currently viewing കൂടത്തായി കേസ് ഇനിമുതൽ ഐ.പി.എസ് ട്രെയിനിംഗിന്‍റെ പഠന വിഷയം; നിലവിലെ ബാച്ചുകാര്‍ക്ക് ജോളിയെ ചോദ്യം ചെയ്യുന്നത് നിരീക്ഷിക്കാനുള്ള സൗകര്യം ഒരുക്കി; കേസ് അന്വേഷിക്കുന്നത് എസ്.പി ദിവ്യ എസ്. ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള വിദഗ്‍ധസംഘം

കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പര കേസിനെ ഐ.പി.എസ് ട്രെയിനിംഗിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തി. സംസ്ഥാനത്തെ പത്ത് എ.എസ്‍.പിമാർക്കുള്ള പരിശീലനം വടകര റൂറൽ എസ്‍.പി ഓഫീസിൽ ആരംഭിച്ചുകഴിഞ്ഞു. ഉത്തരമേഖലാ റേഞ്ച് ഐ.ജി അശോക് യാദവാണ് ക്ലാസെടുക്കുന്നത്. ട്രെയിനിംഗിന് എത്തിയവർക്ക് ജോളിയെ ചോദ്യം ചെയ്യുന്നത് നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അതേസമയം കൊലപാതക പരമ്പരയില്‍ അന്വേഷണം നടത്താന്‍ എസ്‍.പി ദിവ്യ എസ്. ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള വിദഗ്‍ധസംഘം നാളെ കൂടത്തായിയിലെത്തും. ഫോറന്‍സിക് വിദഗ്‍ധരും ഡോക്ടര്‍മാരുമൊക്കെയുള്‍പ്പെടുന്ന സംഘമാണ് നാളെ എത്തുക. ഈ സംഘത്തിന്‍റെ പരിശോധനയ്ക്കും റിപ്പോര്‍ട്ടിനും ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് ഫോറൻസിക് പരിശോധനക്ക് അയയ്ക്കുന്ന കാര്യം തീരുമാനിക്കുക.

ഫോറൻസിക് വിദഗ്‍ധരുടെ സംഘവുമായി ഇന്നലെ ഡി.ജി.പി ചർച്ച നടത്തിയിരുന്നു. കൂടത്തായി കേസ് തെളിയിക്കുക എന്നത് പോലീസിന് കടുത്ത വെല്ലുവിളിയാണെന്നാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇന്ന് പറഞ്ഞത്. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. ആവശ്യമെങ്കില്‍ അന്വേഷണസംഘത്തില്‍ കൂടുതല്‍ വിദഗ്‍ധരെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പൊന്നാമറ്റം വീട് സന്ദര്‍ശിച്ച ശേഷമാണ് ഡി.ജി.പി ഇക്കാര്യം പറഞ്ഞത്.

 

0Shares