
CHANNEL RB SPECIAL STORY
കാസര്‍കോട്: പേമാരി പെയ്തൊഴിഞ്ഞപ്പോള്‍ ദേശീയപാതയിലെ കുഴികള്‍ പാതാളക്കുഴികളായി. അപകടമേഖലയായ കാലിക്കടവ് മുതല്‍ തലപ്പാടിവരെ നൂറുകണക്കിന് കുഴികളാണ് രൂപപ്പെട്ടത്. ഇവിടെങ്ങളില്‍ അപകടങ്ങള്‍ പതിവാണെങ്കിലും കുഴി നന്നാക്കാന്‍ അധികൃതര്‍ മെനക്കെടുന്നില്ലെന്ന് മറ്റൊരു സത്യം. പടുവളം ദേശീയ പാതയില്‍ കഴിഞ്ഞ വര്‍ഷം ഒരുവ്യാപാരി കുഴിയില്‍ സ്‌കൂട്ടര്‍ വീണ് മരിച്ചതിന് ശേഷം ഒരാഴ്ചക്കകം അധികൃതര്‍ ഒന്നനങ്ങിയിരുന്നു. എന്നാല്‍ അതേ സ്ഥലത്ത് ഇന്ന് മുപ്പതിലധികം കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
അതില്‍ മിക്കവയും പാതാളക്കുഴികളായിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ഈ കുഴിയില്‍ വീണ് ഒരുയുവാവിന് പരിക്കേറ്റു. പിലിക്കോട് വറക്കോട്ടുവയല്‍ സ്വദേശി സുമേഷിനാണ്(31) പരിക്കറ്റത്. യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അതുപോലെ ഉപ്പളയില്‍ വെള്ളിയാഴ്ച രാത്രി ബൈക്ക് കുഴിയില്‍ വീണ് കര്‍ണാടക സ്വദേശി വീരു ബാഷപ്പ മരണപ്പെട്ടിരുന്നു. തൃക്കരിപ്പൂരിലെ എം.എല്‍.എ മിക്കകാര്യങ്ങളും തന്റെ ഫേസ് ബുക്കിലെഴുതി മാലോകരെ അറിയിക്കാറുണ്ടെങ്കിലും ദേശീയ പാതയിലെ ഈ അപകടക്കെണിക്ക് പരിഹാരം കാണാന്‍ മുന്നോട്ട് വരുന്നില്ലെന്നാരോപണം ശക്തമാകുകയാണ്. ചെറുവത്തൂരില്‍ പേരിന് ജില്ലിയിട്ട് രക്ഷപ്പെടാന്‍ നോക്കിയെങ്കിലും രണ്ടുദിവസത്തിന് ശേഷം കുഴികള്‍ പൂര്‍വ സ്ഥിതുിയിലുമായിട്ടുണ്ട്. മഴമാറാതെ അറ്റകുറ്റപ്പണികള്‍ നടത്തില്ലെന്നാണ് ദേശീയ പാതാ അധികൃതരും പി.ഡബ്ലൂ.ഡി അധികൃതരും പറയുന്നത്. പക്ഷെ അതുവേ അപകടമില്ലെന്ന് അധികൃതര്‍ക്ക് ഉറപ്പുനല്‍കാനാകുമോയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഓട്ടോകളും ബൈക്കുകളും കുഴിയില്‍ച്ചാടി നിരന്തരം അപകടത്തില്‍പ്പെടുന്നു കാഴ്ച ഇപ്പോള്‍ എവിടേയും കാണാം. അപകടത്തിന്റെ കാഴ്ചക്കാരാവുന്ന നാട്ടുകാര്‍ മണ്ണും കല്ലും നിറച്ച് പലപ്പോഴായി കുഴി മൂടിയെങ്കിലും കണ്ടെയ്നറുകളും ടാങ്കര്‍ ലോറികളും പോകുമ്പോള്‍ അവ പഴയനിലയിലായി.
തെക്കില്‍, ചട്ടഞ്ചാല്‍, മയിലാട്ടി, കുണിയ, പെരിയാട്ടടുക്കം, ബട്ടത്തൂര്‍ ഭാഗങ്ങളില്‍ വലിയ കുഴികളാണുള്ളത്. പ്രദേശങ്ങളിലെ മഴവെള്ളം റോഡില്‍ കെട്ടിക്കിടന്നാണ് ഇവയുണ്ടായത്. റോഡില്‍ വെള്ളം നിറഞ്ഞുനില്ക്കുന്ന വേളയില്‍ കുഴികാണാതെ ചെറിയവാഹനങ്ങള്‍ക്ക് നിയന്ത്രണം തെറ്റുന്നു. വലിയ ശബ്ദത്തോടെയാണ് വലിയവാഹനങ്ങള്‍ കുഴിയില്‍ ചാടുന്നത്. ചട്ടഞ്ചാല്‍ സൗത്തിലും പൊയിനാച്ചി സൗത്തിലും മയിലാട്ടി സ്പിന്നിങ് മില്‍ കവാടത്തിന്റെ സമീപത്തുമുള്ള കുഴികള്‍ വന്‍ അപകട ഭീതിയുയര്‍ത്തുന്നു. മയിലാട്ടി പെട്രോള്‍ ബങ്കിനടുത്തും കഴിഞ്ഞവര്‍ഷം വാര്‍ത്തയായ കുഴി രൂപപ്പെട്ടുവരികയാണ്. തെക്കില്‍ ദേശീയപാതയില്‍ വളവുകളിലെ ഇന്റര്‍ലോക്ക് പാകിയ ഭാഗത്തുമാത്രമാണ് തകരാതെ കിടക്കുന്നത്. അറ്റകുറ്റപ്പണിക്ക് ഇനി മാസങ്ങള്‍ എടുക്കുമെന്ന് ഉറപ്പായതിനാല്‍ യാത്രാദുരിതം നാള്‍ക്കുനാള്‍ ഇരട്ടിക്കുമെന്ന് വ്യക്തം.