കാസര്‍കോട്: കാസര്‍കോട് ജില്ലയിലും ദക്ഷിണ കര്‍ണാടകയിലും കൊലപാതകം അടക്കം അനേകം പ്രമാദമായ കേസുകളില്‍ മുഖ്യപ്രതിയായ ഉപ്പള മണിമുണ്ട സ്വദേശി കാലിയാ റഫീഖ് (45) കൊല്ലപ്പെട്ടു. തലപ്പാടി -മംഗലാപുരം ദേശീയ പാതയിലെ കോട്ടേക്കാര്‍ ജംങ്ഷന് സമീപത്ത് വെച്ചാണ് ടിപ്പര്‍ ലോറിയിലെത്തിയ സംഘം റഫീഖിനെ വെടിവെച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ പാതിരാത്രിയോടെയാണ് സംഭവം.

റഫീഖ് സഞ്ചരിച്ച റിറ്റ്സ് കാറിനെ ടിപ്പര്‍ ലോറിയില്‍ പിന്തുടര്‍ന്ന അക്രമി സംഘം കോട്ടേക്കാറില്‍ വെച്ച് ഇടിക്കുകയും, കാറില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച റഫീഖിനെ വെടിവെച്ച് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

വിവരമറിഞ്ഞ് മംഗലാപുരം പോലീസ് കമ്മീഷണര്‍ ചന്ദ്രശേഖര്‍, ഉള്ളാള്‍ സബ് ഇന്‍സ്‌പെക്ടര്‍ ഗോപീകൃഷ്ണ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം ദേര്‍ളക്കട്ട കെ.എസ് ഹെഡ്ഗെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാറും ടിപ്പര്‍ ലോറിയും രാത്രി തന്നെ ഉള്ളാള്‍ സ്‌റ്റേഷനിലേക്ക് മാറ്റി.

കൊലപാതകം, പിടിച്ചുപറി, മോഷണം, ഗുണ്ടാ പിരിവ്, ജയില്‍ ചാട്ടം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് കാലിയാ റഫീഖ്. ഉപ്പളയിലെ ഗുണ്ടാ നേതാവായിരുന്ന മുത്തലിബിനെ വീടിന് സമീപത്ത് വെച്ച് കാര്‍ തടഞ്ഞ് വെടിവെച്ചും വെട്ടിയും കൊന്ന കേസിലും റഫീഖ് പ്രതിയാണ്. 2015 ഡിസംബറില്‍ ഉപ്പളയില്‍ കാലിയാ റഫീഖിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘവും, മറ്റൊരു ഗുണ്ടാ സംഘവും പരസ്പരം വെടിവെപ്പ് നടത്തിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ കുടിപ്പകയാണെന്നും കൊല നടത്തിയത് ആറംഗ സംഘമാണെന്നും പോലീസ് വെളിപ്പെടുത്തി. ഇത് സംബന്ധിച്ച അന്വേഷണ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.