
കാസർകോട് ജില്ലയിലെ മാലിന്യ പ്രശ്നത്തിൽ പോലും മതവും ജാതിയുമുണ്ടെന്ന പരാമർശവുമായി സാഹിത്യപരിപാടിയിൽ ജില്ലാ കളക്ടർ ഡോ ഡി. സജിത്ബാബു നടത്തിയ പ്രസംഗം വിവാദമാകുന്നു.കഴിഞ്ഞ ദിവസം കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ‘ഈ വാകമരച്ചോട്ടിൽ’ എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ‘കലാപം-2’ സാഹിത്യക്യാമ്പിലെ മുഖാമുഖം പരിപാടിയിലാണ് കളക്ടറുടെ വിവാദ പരാമർശമുണ്ടായത്.
മാധ്യമ പ്രവർത്തകർ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ കളക്ടർ നടത്തിയ പരാമർശങ്ങൾ കാസർകോട് ജില്ലയെ അപമാനിക്കുന്നതാണെന്ന വിമർശനമാണ് ഉയർത്തുന്നത്. ജില്ലയിലെ പല ഭാഗങ്ങളിലുമുള്ള മാലിന്യ പ്രശ്നം പരിഹരിക്കാനായി കളക്ടറുടെ നേനേതൃത്വത്തിൽ എന്തെങ്കിലും മാര്ഗങ്ങൾ സ്വീകരിക്കണമെന്ന് ശ്രോതാക്കളിലൊരാൾ ആവശ്യപ്പെട്ടു. ഇതിനു മറുപടി പറയുകയായിരുന്നു കളക്ടർ.

“ഞാൻ തിരുവനന്തപുരത്തുകാരനാണ്, എന്‍റെ വീട്ടില്‍ മാലിന്യ പ്രശ്നമില്ല. കാരണം ഭക്ഷണം വേസ്റ്റ് ആയാല്‍ എന്റെ വീട്ടില്‍ വളര്‍ത്തുന്ന മൂന്ന് പട്ടികള്‍ക്ക് കൊടുക്കും. അതുമല്ലെങ്കില്‍ ഞങ്ങളുടെ നാട്ടിലൊക്കെ ഒരുപാട് പന്നി ഫാമുകളുണ്ട്, അങ്ങോട്ട് കൊണ്ട് പോകും. ഇവിടെ മതപരമായ പ്രശ്നം കാരണം പട്ടിയെ വളര്‍ത്താനോ പന്നി ഫാം ഉണ്ടാക്കാനോ പറ്റില്ലല്ലോ.” കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ മാലിന്യ പ്രശ്നത്തില്‍ പോലും മതവും ജാതിയുമുണ്ട് എന്നതിന് തെളിവാണിതെന്നായിരുന്നു കളക്ടറുടെ കുറ്റപ്പെടുത്തല്‍.ജില്ലയിലെ ജനങ്ങള്‍ക്ക് കലാ ബോധാമില്ല എന്നും ജന പ്രതിനിധികള്‍ കഴിവില്ലാത്തവരും കോളജ് അധ്യാപകര്‍ ഉത്തരവാദിത്വമില്ലാത്തവരുമാണെന്നും കളക്ടര്‍ ആരോപിച്ചതായാണ് വിമര്‍ശനം ഉയരുന്നത്. എന്നാല്‍ തന്‍റെ വാക്കുകളെ നവമാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിച്ച് വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കളക്ടര്‍ എസ്. പിക്ക് പരാതി നല്‍കി.
