കാസര്‍കോട്: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള കാര്‍ഷിക പ്രദര്‍ശനവും കാര്‍ഷികമേളയും വെള്ളിയാഴ്ച മുതല്‍ തുടങ്ങും. ജനുവരി അഞ്ചുമുതല്‍ 10വരെ സി.പി.സി.ആര്.ഐ കാസര്‍കോട് കാമ്പസിലാണ് പരിപാടി.
വെള്ളിയാഴ്ച മുതല്‍ കാര്‍ഷിക പ്രദര്‍ശനം തുടങ്ങും. ജനുവരി അഞ്ചിന് രാവിലെ 10 നു പ്രദര്‍ശനം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാകും. തുടര്‍ന്ന് മണ്ണ് ജല സംരക്ഷണ മാര്‍ഗങ്ങള്‍, ഉയര്‍ന്ന മൂല്യമുള്ള ഫലവര്‍ഗവിളകള്‍ എന്ന വിഷയങ്ങളില്‍ സമ്മേളനങ്ങളും നടക്കും. ജനുവരി എട്ടിന് രാവിലെ 10ന് കാര്‍ഷിക മേള കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. പി കരുണാകരന് എം.പി അധ്യക്ഷനാകും. ചടങ്ങില്‍ കേന്ദ്രമന്ത്രി അനന്ദകുമാര് ഹെഗ്ഡേയും സംബന്ധിക്കും. ഉച്ചയ്ക്ക് രണ്ടിന് കര്‍ഷക- ശാസ്ത്രജ്ഞരുടെ അഭിമുഖം നടക്കും. മേളയുടെ ഭാഗമായി മുഖാമുഖം, സെമിനാറുകള്‍, പരിശീലന പരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്.
അഗ്രി ബിസിനസ് എക്സ്പോയില്‍ വിളപരിപാലനം, മൃഗപരിപാലനം എന്നിവയെക്കുറിച്ചു വിശദമായി ക്ലാസുകളും നല്‍കും. കാര്‍ഷിക മേഖലയിലെ ന്യൂതന വിദ്യകളുടെ പ്രദര്‍ശനവും പ്രോല്‍സാഹനവും കര്‍ഷകരുടെ ഉല്പന്നങ്ങളുടെ പ്രദര്‍ശനവുമാണ് മേളയുടെ ലക്ഷ്യമെന്ന് കേന്ദ്രം ഡയരക്ടര്‍ ഡോ.പി ചൗഡപ്പ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേള കണ്‍വീനര്‍ ഡോ.സി തമ്പാന്, ഡോ.മഹേഷപ്പ എന്നിവരും സംബന്ധിച്ചു.

കാസര്‍കോട് സി.പി.സി.ആര്.ഐ കാര്‍ഷിക മേളയ്ക്ക് വെള്ളിയാഴ്ച തിരശീല ഉയരും