കാസര്‍കോട്: മാവേലി സ്റ്റോറുകളിലൂടെ ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വിതരണം ചെയ്യേണ്ട ഒമ്പത് ടണ്‍ ഗോതമ്പ് പൊടി മറിച്ചു വിറ്റതായി റിപ്പോര്‍ട്ട്. കാസര്‍കോട് സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്ന് ഗോതമ്പ് പൊടി കടത്തി കൊണ്ട് പോയന്നൊണ് വിവരം ലഭിച്ചിട്ടുള്ളത്. റേഷന്‍ കാര്‍ഡ് ഒന്നിന് രണ്ട് കിലോ വെച്ച് വിതരണം ചെയ്യേണ്ടുന്ന ഗോതമ്പ് പൊടിയാണ് മറിച്ചുവിറ്റത്. സിവില്‍ സപ്ലൈസിന്റെ ശബരി എന്ന പേരില്‍ ഇറങ്ങിയ ഗുണമേന്മയുള്ള ഗോതമ്പ് പൊടിയാണിത്. കിലോയ്ക്ക് 15 രൂപയ്ക്കാണ് ഗോതമ്പ് പൊടി കാര്‍ഡുടമകള്‍ക്ക് നല്‍കേണ്ടത്. പൊതുമാര്‍ക്കറ്റില്‍ 40 മുതല്‍ 52 രൂപവരെയാണ് ഗോതമ്പ് പൊടിയുടെ വില. ഗോതമ്പ് പൊടി കിട്ടാതെ വന്ന ഉപഭോക്താക്കള്‍ മാവേലി സ്റ്റോറില്‍ ചെന്നപ്പോള്‍ തീര്‍ന്നുപോയെന്ന മറുപടിയാണ് അവര്‍ക്ക് ലഭിച്ചത്. ഇക്കാര്യം അന്വേഷിക്കുന്നതിനിടയിലാണ് ലക്ഷങ്ങളുടെ തിരിമറി നടന്ന വിവരം പുറത്തായത്.

കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി കേരളത്തിന് അനുവദിച്ച ഗോതമ്പ് പൊടിച്ച് പാക്കറ്റിലാക്കി വിതരണം ചെയ്യുന്നത് കേരള സര്‍ക്കാറാണ്. കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള ഗോതമ്പ് പൊടി സാധാരണക്കാരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഇത്. അടുത്തിടെ വയനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഒരു ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. കൂടാതെ വേറെയും ചില ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനിന്നതായി സംശയിക്കുന്നുണ്ട്. വേര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ ഐ.സി ഭണ്ഡാരി റോഡരികിലെ ഗോഡൗണാണ് സിവില്‍ സപ്ലൈസ് സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നത്. കയറ്റുമതി ചെയ്യുന്ന ഗോതമ്പ് പൊടി ഗോഡൗണിലെത്താതെ തന്നെ മറിച്ചുവിറ്റതായാണ് സംശയിക്കുന്നത്. വിജിലന്‍സ് അന്വേഷണം നടന്നാല്‍ മാത്രമേ കുറ്റക്കാരെ കണ്ടെത്താനും അവര്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളാന്‍ സാധിക്കുകയുള്ളു.