
കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.സജിത് ബാബു പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങുടെയും നദീതതട വികസനപദ്ധതികളുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ജലസംഭരണം കുറഞ്ഞ അഞ്ച് നദികളിലും നദീതട പ്രദേശങ്ങളിലും ജലസംഭരണ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. നദികള്‍ക്ക് സമീപമുള്ള സര്‍ക്കാര്‍ സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും മൂന്ന് മീറ്റര്‍ ആഴത്തില്‍ കുളങ്ങള്‍ നിര്‍മ്മിച്ച് ജലം സംഭരിക്കും.സ്വകാര്യ ഭൂമി പാട്ടത്തിനെടുത്താണ് പദ്ധതി നടപ്പാക്കുക. മേയ് എട്ടിനകം ഇതിനാവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്തും. മേയ് 15ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ജില്ലയില്‍ ഏറ്റവും അധികം ജലക്ഷാമം നേരിടുന്ന മഞ്ചേശ്വരം, ഷിറിയ, ഉപ്പള, കുമ്പള, മൊഗ്രാല്‍ എന്നീ നദികളില്‍ നിശ്ചിത ഇടവേളകളില്‍ ഒഴുക്കിന് അഭിമുഖമായി 10-15 ഡിഗ്രി ചരിവില്‍ കൈവഴികള്‍ സൃഷ്ടിച്ച് ഇത്തരം കൈവഴികളിലൂടെ വെള്ളം ഒഴുക്കി സര്‍ക്കാര്‍, പൊതു സ്ഥലങ്ങളില്‍ നിശ്ചിത വലിപ്പത്തിലുള്ള കുളങ്ങള്‍ സൃഷ്ടിച്ച് മണ്ണിലേക്ക് കൂടുതല്‍ വെള്ളം ഇറക്കി ജലവിതാനം ഉയര്‍ത്താനും പ്രസ്തുത നടപടിയിലൂടെ ഭൂകമ്പ സാധ്യതാ പ്രദേശങ്ങളില്‍ കുഴല്‍ കിണറുകള്‍ ഒഴിവാക്കി തുറന്ന കിണറുകള്‍ സാദ്ധ്യമാക്കുക എന്നതും പ്രദേശങ്ങളില്‍ കൂടുതല്‍ കൃഷി വ്യാപിപ്പിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍.
പേര് നിര്‍ദ്ദേശിക്കാം:
മേയ് 15 ന് ആരംഭിക്കുവാന്‍ തീരുമാനിച്ച ഈ പദ്ധതിക്ക് സ്‌കൂള്‍, കോളേജ് വിദ്യര്‍ത്ഥികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും യുക്തമായ പേര് നിര്‍ദ്ദേശിക്കുവാന്‍ താല്‍പര്യപ്പെടുന്നു. ജില്ലാ തല സമിതി തെരഞ്ഞെടുക്കുന്ന എറ്റവും നല്ല പേര് നിര്‍ദ്ദേശിക്കപ്പെട്ട വ്യക്തിക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും. ഈ പദ്ധതിക്ക് പേര് നിര്‍ദ്ദേശിക്കുവാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ മേയ് 15 നു മുമ്പായി സ്‌പെഷ്യല്‍ ഓഫീസര്‍, കാസര്‍കോട് വികസന പാക്കേജ്, കളക്ടറേറ്റ്, കാസര്‍കോട് ഇമെയില്‍ ksdkdp@gmail.com എന്ന വിലാസത്തിലോ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍, കളക്ടറേറ്റ്,കാസര്‍കോട്, ഇമെയില്‍ distsoilksd@gmail.com വിലാസത്തിലോ അയക്കണം.
