കാസര്‍കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; ഇരിയണ്ണിയിൽ ഒരുക്കങ്ങൾ പൂർത്തിയായി

  • Post category:news
  • Reading time:2 mins read
You are currently viewing കാസര്‍കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; ഇരിയണ്ണിയിൽ ഒരുക്കങ്ങൾ പൂർത്തിയായി

കാസർകോട്: 60-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇരിയണ്ണി ഗവ. വൊക്കേഷണൽ ഹയർ
സെക്കൻഡറി സ്കൂളിൽ നടക്കും. നവംബർ 8, 11 തീയതികളിൽ സ്റ്റേജ് ഇതര മത്സരങ്ങളും 13, 14, 15
തീയതികളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും, 12 സ്റ്റേജുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 319
ഇനങ്ങളിലായി ആറായിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുക്കും.

ജനറൽ വിഭാഗത്തിൽ 237 മത്സര ഇനങ്ങളാണുള്ളത്. സംസ്കൃതോത്സവം 38 ഉം അറബിക് കലോത്സവത്തിൽ 22 ഇനങ്ങളുമുണ്ട്. യു. പി വിഭാഗത്തിൽ 1300, ഹൈസ്കൂൾ വിഭാഗത്തിൽ 3100, ഹയർ സെക്കണ്ടറി വി എച്ച് എസ് ഇ വിഭാഗം 3000 കുട്ടികളും പങ്കെടുക്കും. കൂടാതെ അപ്പീൽ വഴിയും മത്സരാർത്ഥികൾ എത്താനും സാധ്യതയുണ്ട്.

ഉദ്ഘാടന സമ്മേളനം 13ന് വൈകീട്ട് 4 മണിക്ക് നടക്കും. കാസര്‍കോട് എം.പി രാജ്മോഹൻ
ഉണ്ണിത്താൻ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത് പ്രസിഡന്റ് എ.ജി.സി. ബഷീർ അധ്യക്ഷത
വഹിക്കും. ജില്ലാ കലക്ടർ ഡോ. സജിത്ബാബു മുഖ്യാതിഥി ആയിരിക്കും. സമാപന
സമ്മേളനം നവംബർ 8 ന് വൈകീട്ട് റവന്യൂ മന്ത്രി  ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞിരാമൻ എം.എൽ.എ അധ്യക്ഷത വഹിക്കും.

ഇരിയണ്ണിയിൽ ആദ്യമായി നടക്കുന്ന കലോത്സവത്തെ വരവേൽക്കുന്നതിന് വിവിധ സബ് കമ്മറ്റികളുടെ
നേത്യത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ വിപുലമായ ഒരുക്കമാണ് നടക്കുന്നത്. കലാമേളക്കെത്തുന്ന എല്ലാവര്‍ക്കും വിപുലമായ രീതിയിൽ ഭക്ഷണ സൗകര്യം ഒരുക്കും. ജനകീയ പങ്കാളിത്തത്തോടെ 12-ന് രാവിലെ കലവറ നിറക്കും. കലാമേളയുമായി ബന്ധപ്പെട്ട് മികച്ച ശൗചാലയങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഡോക്ടർമാരുടെ മൗഴുവൻ സമയ സേവനം, പ്രഥമ ശുശ്രൂഷാ സംവിധാനം, കുടിവെള്ള
സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കലോത്സവ നഗരിയിൽ ഐസ്ക്രീം വില്പന ഒഴിവാക്കിയിട്ടുണ്ട്.
കലോത്സവ നഗരിയിലേക്ക് രാത്രികാലങ്ങളിലടക്കം കെ.എസ്.ആർ.ടി.സി.യുടെ കൂടുതൽ സർവീസുകൾ
ഒരുക്കി. ചെർക്കള മുതൽ ഇരിയണ്ണി വരെ വിവിധ സ്കൂളുകൾ അനുവദിച്ച ബസുകൾ
തുടർച്ചയായി സർവീസ് നടത്തും.

പൂർണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും കലാമേള നടക്കുന്നത്. വിപുലമായ കുടിവെള്ള
സൗകര്യം ഒരുക്കിയതിനാൽ പ്ലാസ്റ്റിക് കുപ്പികൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കാൻ
ഓല കൊണ്ടുള്ള വല്ലങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കി തുണി സഞ്ചികളും പേപ്പർ
ബാഗുകളും വിതരണം ചെയ്യുന്നതായിരിക്കും. സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം കമ്മിറ്റിക്ക്
ആവശ്യമായ പേപ്പർ പേനകൾ തയ്യാറാക്കിയിട്ടുണ്ട്.

കലോത്സവ നാഗരിയിലെത്തുന്ന മത്സരാർഥികൾക്കും, അധ്യാപകർക്കും രക്ഷിതാക്കൾക്കും മികച്ച
രീതിയിലുള്ള താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. കലോത്സവ ജേതാക്കൾക്കായി ആയിരത്തോളം ട്രോഫികൾ
തയ്യാറായിട്ടുണ്ട്. സമാപന സമ്മേളനത്തിൽ സുവനീർ പ്രകാശനം ചെയ്യും.

കലോത്സവത്തിന്‍റെ വിപുലമായ പ്രചാരണത്തിനായി ഇതിനകം രണ്ടായിരത്തോളം നോട്ടീസുകൾ വിതരണം
ചെയ്തിട്ടുണ്ട്. അഞ്ഞൂറിലധികം ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നവമാധ്യമത്തിലൂടെ മികച്ച രീതിയിൽ
പ്രചാരണം നടത്തിയിട്ടുണ്ട്. മേളയുടെ പ്രചാരണത്തിനായി നടത്തിയ ഓലമെടയൽ മത്സരം
ശ്രദ്ധേയമായിരുന്നു. കെ. കുഞ്ഞിരാമൻ എം.എൽ.എ, ഓലമെടഞ്ഞാണ് മത്സരം ഉദ്ഘാടനം ചെയ്തത്.
തെരുവോര ചിത്ര രചന മത്സരം, ഡിജിറ്റൽ പോസ്റ്റർ രചന മത്സരം, ഫ്ളാഷ് മോബ് എന്നിവയും
പ്രചാരണത്തിനായി സംഘടിപ്പിച്ചിട്ടുണ്ട്.

0Shares