കാസര്‍കോട്: 58-ാമത് കാസര്‍കോട് റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒരുങ്ങിയതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ ഏഴ് ഉപജില്ലകളില്‍ നിന്നായി 6000 ത്തിലേറെ പ്രതിഭകളാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനെത്തുക. 260 ഇനങ്ങളിലാണ് മല്‍സരം. 11 വേദികളില്‍ അരങ്ങുണരും. വെള്ളിയാഴ്ച രജിസ്ട്രേഷന് നടക്കും. സ്റ്റേജിതര മത്സരങ്ങള്‍ ശനിയാഴ്ച മുതല്‍ നടക്കും. 27 മുതല്‍ 30 വരെ 14 വേദികളിലായി കലാ മത്സരങ്ങള്‍ നടക്കും. 27 ന് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങില്‍ സ്വാഗതസംഘം ചെയര്മാന് കെ. കുഞ്ഞിരാമന് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ മന്ത്രി ഇ. ചന്ദ്രശേഖരന് കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും.
മികച്ച പി.ടി.എ.ക്കുള്ള അവാര്‍ഡ് വിതരണം പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ നിര്‍വ്വഹിക്കും. എം. രാജഗോപാലന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ കെ. ജീവന് ബാബു തുടങ്ങിയവര്‍ സംബന്ധിക്കും. 30 ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പി. കരുണാകരന് എം.പി ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ മുഖ്യാതിഥിയാകും.
ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൈതാനത്താണ് പ്രധാന വേദി. ഹയര്‍ സെക്കണ്ടറി ഹാള്‍, യു.പി ഇംഗ്ലീഷ് മീഡിയം സ്കൂള്‍, ചെമ്മനാട് പുഴയോരം, ചെമ്മനാട് ഗവ. യു.പി സ്കൂള്‍ ഗ്രൗണ്ട്, പട്ടുവത്തില്‍ ഗ്രൗണ്ട്, ചെമ്മനാട് പാതയോരം, ചെമ്മനാട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ട്, പരവനടുക്കം വൈ.എം.എം.എ ഹാള്‍ തുടങ്ങിയിടങ്ങളിലാണ് വേദിയൊരുങ്ങുന്നത്. കലോല്‍സവം വന്‍ വിജയമാക്കാന്‍ ഭക്ഷണ കമ്മിറ്റി വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.
20,000 പേര്‍ക്ക് പായസത്തോടെയുള്ള ഉച്ച ഭക്ഷണം എല്ലാദിവസവും ഉണ്ടാകും. ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും ഓരോ കമ്മിറ്റിയും പ്രവര്‍ത്തിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. പ്രസ്ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കലോല്‍സവ ജനറല്‍ കണ്‍വീനര്‍ ഡി.ഡി.ഇ ഡോ.ഗീരീഷ് ചോലയില്‍, ഡി.ഇ ഒ നന്ദലാല്‍ ഭട്ട്, പ്രിന്‍സിപ്പല്‍ സാലിമ ജോസഫ്, ഹെഡ് മാസ്റ്റര്‍ രാജിവന് സംബന്ധിച്ചു.
കാസര്‍കോട് റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന് ചെമ്മനാട് ഒരുങ്ങി; സ്റ്റേജിതര മത്സരങ്ങള്‍ ശനിയാഴ്ച ആരംഭിക്കും