കാസര്‍കോട്: കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തൃശ്ശൂര്‍ മുല്ലശ്ശേരി സ്വദേശി വി.കെ ഉണ്ണികൃഷ്ണന്‍(45) ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ കാഞ്ഞങ്ങാട്ടെ രണ്ട് അഭിഭാഷകര്‍ക്കെതിരെ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കുന്നതിന് പോലീസ് നിയമോപദേശം തേടി. നിയമോപദേശം ലഭിച്ചാല്‍ ഇരുവരെയും കേസില്‍ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിക്കും.

മജിസ്‌ട്രേറ്റിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് അഭിഭാഷകരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. അഭിഭാഷകരില്‍ ഒരാള്‍ പനത്തടിയിലെ സഹകരണ സ്ഥാപനത്തിന്റെ പ്രസിഡന്റാണ്. മജിസ്‌ട്രേറ്റിന്റെ കൂടെ സുള്ളയില്‍ പോവുകയും മുറിയെടുത്ത് മദ്യപിക്കുകയും ചെയ്തതിന്റെ തെളിവ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്താലാണ് രണ്ട് അഭിഭാഷകരെയും കേസില്‍ ചോദ്യം ചെയ്തത്. നവംബര്‍ ഒമ്പതിനാണ് മജിസ്‌ട്രേറ്റ് വി.കെ ഉണ്ണികൃഷ്ണനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.