കാസര്‍കോട് നഗരത്തിലെ ഫ്‌ളാറ്റിലെ തീപിടുത്തം; ഷോര്‍ട്ട് സര്‍ക്ക്യൂട്ടെന്ന് പ്രാഥമീക നിഗമനം; യുവാവിൻ്റെ അവസരോചിത ഇടപെടല്‍ വന്‍ ദുരന്തമൊഴിവായി

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് നഗരത്തിലെ ഫ്‌ളാറ്റിലെ തീപിടുത്തം; ഷോര്‍ട്ട് സര്‍ക്ക്യൂട്ടെന്ന് പ്രാഥമീക നിഗമനം; യുവാവിൻ്റെ  അവസരോചിത ഇടപെടല്‍ വന്‍ ദുരന്തമൊഴിവായി

കാസര്‍കോട്: അണങ്കൂരിലെ ഫ്‌ളാറ്റിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന്് ഫയര്‍ഫോഴ്‌സ്. മുപ്പത് വര്‍ഷം പഴക്കമുള്ള കെട്ടിടം സുരക്ഷാമാനദണ്ഡം പാലിച്ചല്ല നിര്‍മിച്ചതെന്നും അധികൃതര്‍. ഫ്‌ളാറ്റിലെ അന്തേവാസിയായ യുവാവിന്റെ അവസരോചിതമായ ഇടപെടല്‍ അമ്പതോളം പേരുടെ ജീവന്‍ രക്ഷിച്ചു. ചൊവ്വാഴ്ച അര്‍ധ രാത്രി ഒരുമണിയോടെയാണ് അണങ്കൂരിലെ ഗ്രീന്‍ പാര്‍ക്ക് അപ്പാര്‍ട്മെന്റില്‍ തീപിടുത്തമുണ്ടായത്. ആ നേരത്തെ ടി.വി കാണുകയായിരുന്ന യുവാവാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. തുടര്‍ന്ന് എല്ലാവരും ജീവന്‍ പണയം വച്ച് കുട്ടികളുമായി താഴേക്ക് ഓടുകയായിരുന്നു. ഫ്ളാറ്റിനകത്ത് കുടുങ്ങിയവരെ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. പുകമൂലം ശ്വാസതടസം അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. ഫ്ളാറ്റുകളിലെ വയറുകളെല്ലാം പൂര്‍ണമായും കത്തിനശിച്ചു. തീപിടുത്തത്തില്‍ ഫ്ളാറ്റിലെ സാധന സാമഗ്രികളെല്ലാം കത്തിനശിച്ചു. ഫ്ളാറ്റിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളും എട്ട് ഇരുചക്ര വാഹനങ്ങളും അഗ്‌നിക്കിരയായി. വഹാബ്, അസീസ്, മുഹമ്മദ് ഹനീഫ, ഷരീഫ്, നവാസ് മാസ്റ്റര്‍, ഖൈസ്, അഷ്റഫ്, കുന്നില്‍ അബൂബക്കര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റുകളിലേക്ക് തീപടര്‍ന്ന് സാധന സാമഗ്രികള്‍ കത്തനശിച്ചു. സ്‌കൂട്ടറുകള്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലത്തെ ചുമരിലെ സ്വിച്ച് ബോര്‍ഡിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് മറ്റുനിലകളിലേക്ക് പടരുകയായിരുന്നു.ഫ്‌ളാറ്റിലെ കുടുംബങ്ങളെയെല്ലാം താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ ഡോ.ഡി സജിത് ബാബു, കാസര്‍കോട് എ.എസ്.പി ഡി ശില്‍പ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവരും സ്ഥലത്തെത്തി.

0Shares