കാസര്‍കോട് നഗരത്തിലെ എം.ജി റോഡ് വെട്ടിപൊളിച്ചത് വാട്ടര്‍ അതോറിറ്റിക്കുവേണ്ടി; ദുരിതം പേറി വാഹനയാത്രക്കാരും വ്യാപാരികളും; നന്നാക്കാനുള്ള നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ അറിഞ്ഞമട്ടില്ല

  • Post category:news
  • Reading time:2 mins read
You are currently viewing കാസര്‍കോട് നഗരത്തിലെ എം.ജി റോഡ് വെട്ടിപൊളിച്ചത് വാട്ടര്‍ അതോറിറ്റിക്കുവേണ്ടി; ദുരിതം പേറി വാഹനയാത്രക്കാരും വ്യാപാരികളും; നന്നാക്കാനുള്ള നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ അറിഞ്ഞമട്ടില്ല

കാസര്‍കോട്: നഗരത്തിലെ എം.ജി റോഡ് ജനറല്‍ ആശുപത്രി മുതല്‍ പുതിയ ബസ് സ്റ്റാന്റ് സര്‍ക്കിള്‍ വരെ റോഡ് വാട്ടര്‍ അതോറിറ്റിക്ക് വേണ്ടി വെട്ടിപ്പൊളിച്ചു പൈപ്പിട്ടു. വെട്ടിപൊളിച്ച ഭാഗം നന്നാക്കാനുള്ള നടപടി ഇപ്പോള്‍ ഇഴഞ്ഞു നീങ്ങുന്നു. കരാറുകാരന്‍ ഏറ്റടുത്ത പണി അലക്ഷ്യമായി ചെയ്തതിനാല്‍ ഇപ്പോള്‍ വാഹന യാത്രക്കാരും വ്യാപാരികളും ഒരുപോലെ ദുരിതത്തിലായിരിക്കുകയാണ്. പൊതുമരാമത്ത് റോഡ് വെട്ടിപൊളിക്കുന്നതിന് ഉദ്ദ്യോഗസ്ഥര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പൈപ്പ് കുഴിച്ചുമൂടുന്ന പണി പൂര്‍ത്തിയായിട്ടും റോഡ് നന്നാക്കുന്ന പ്രവര്‍ത്തിയാണ് വൈകുന്നത്. സാധാരണ റോഡ് വെട്ടിപ്പൊളിച്ചാല്‍ ഉടനെ തന്നെ താല്‍ക്കാലിക ക്രമീകരണം നടത്തേണ്ടതുണ്ട്. മണ്ണ് കൊണ്ട് മൂടിയാണ് നന്നാക്കുക. പിന്നീട് പി.ഡബ്ല്യൂഡി ടാറിട്ട് നന്നാകുകയാണ് വേണ്ടത്. ഇതിനായി വാട്ടര്‍ അതോറിറ്റി തുക കെട്ടിവക്കുന്നുണ്ട്. ഇവിടെ ഇരു വകുപ്പുകളും കടുത്ത അനാസ്ഥയാണ് കാട്ടുന്നത്. ഏറ്റെടുത്ത പണി കൃത്യമായി ചെയ്യാത്ത കരാറുകാരനെതിരെയും സംഭവം അലക്ഷ്യമായി കാണുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കേണ്ട വക്കിലാണ് നാട്ടുകാര്‍. പൊതുജനത്തെ ബാധിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ സമയബന്ധിതമായി ചെയ്യണം എന്നാണ് നിയമം. എന്നാല്‍ കാസര്‍കോട് നഗരത്തിലെ റോഡ് വെട്ടിപൊളിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. കരാറുകാരന്‍ മണ്ണിട്ട് ഗതാഗതയോഗ്യമാക്കിയെങ്കിലും ഇടക്ക് വന്ന മഴ കാരണം ഈ ഭാഗങ്ങളില്‍ വലിയ ഗര്‍ത്തം രൂപപെടുകയാണുണ്ടായത്. വെട്ടിപൊളിച്ച ഭാഗത്ത് കോൺക്രീറ്റ് ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കാനുള്ള പ്രവര്‍ത്തി ചെയ്യാത്തതാണ് ഇപ്പോഴത്തെ ഈ ദുരവസ്ഥയ്ക്ക് കാരണം.

ദിനംപ്രതി ആയിരകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കതിനാല്‍ സമീപത്തെ വ്യാപാരികളും ഏറെ ദുരിതത്തിലാണ്. ഇവരുടെ വ്യാപാര സ്ഥാപനത്തിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. വ്യാപാരികള്‍ തന്നെ ഇന്റര്‍ലോക്ക് ചെയ്ത് നവീകരിച്ച ഭാഗവും വെട്ടിപ്പൊളിച്ച് എല്ലാം അലക്ഷ്യമായി ഇട്ടിരിക്കുകയാണ്. വെട്ടിപൊളിച്ച റോഡ് പൂര്‍വ്വസ്ഥിതിയിലേക്ക് ആകാനുള്ള നടപടി അധികൃതര്‍ വൈകിപ്പിക്കുന്നതും ഇതിലെ വലിയ വീഴ്ചയാണ്.കരാറുകാരനില്‍ നിന്നും നന്നാക്കാനുള്ള തുക പി.ഡബ്ല്യൂ.ഡി തിരികെ വാങ്ങിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. റീ കോൺക്രീറ്റ് ചെയ്യേണ്ടത് പൊതുമരാമത്ത് അധികൃതരാണ്. ഇതിനായി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന് അനുമതിലഭിച്ചാല്‍ ഉടന്‍ പ്രവര്‍ത്തി ആരംഭിക്കാന്‍ കഴിയൂവെന്നാണ് പി.ഡബ്ല്യൂ.ഡി അധികൃതര്‍ നല്‍കുന്ന വിശദീകരണം. നാട്ടുകാര്‍ക്ക് ദുരിതം സമ്മാനിക്കാന്‍ മാത്രം അലക്ഷ്യമായി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന കരാറുകാരനെതിരെയും ഇതിനെതിരെ കണ്ണടക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.

0Shares