കാസര്‍കോട് തെക്കില്‍ വില്ലേജിലെ കയ്യേറ്റം ഒഴിപ്പിക്കല്‍; നിയമപ്രകാരം മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ; തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് വില്ലേജ് ഓഫീസര്‍

  • Post category:news
  • Reading time:2 mins read
You are currently viewing കാസര്‍കോട് തെക്കില്‍ വില്ലേജിലെ കയ്യേറ്റം ഒഴിപ്പിക്കല്‍; നിയമപ്രകാരം മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ; തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് വില്ലേജ് ഓഫീസര്‍

കാസര്‍കോട്: കാസര്‍കോട് ബണ്ടിച്ചാല്‍ സ്വദേശിയായ ബി.എ ഇസ്മായില്‍ തന്‍റെ പത്തുസെന്റ്‌ ഭൂമി കയ്യേറ്റക്കാരില്‍ നിന്നും ഒഴിപ്പിച്ച്‌ സ്വന്തമാക്കുന്നതിനായി നല്‍കിയ പരാതിയില്‍ തനിക്ക് മേല്‍ ഉയര്‍ന്ന ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് തെക്കില്‍ വില്ലേജ് ഓഫീസര്‍ രമേശന്‍ രംഗത്തെത്തി. താന്‍ നിയമപ്രകാരം മാത്രമേ പ്രവര്‍ത്തിചിട്ടുള്ളൂ എന്ന് അദ്ദേഹം ചാനല്‍ ആര്‍ ബി ഡോട്ട് കോമിനോട് പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ തെക്കില്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 142/ 1ല്‍ പെട്ട ഒരേക്കര്‍ സ്ഥലം എല്‍.എ 57/ 88 തെക്കില്‍ പ്രകാരം ഇസ്മായീലിന്റെ ഉമ്മയായ യു.ബി ആയിഷയ്ക്ക് 1988 ൽ സര്‍ക്കാര്‍ പട്ടയം നല്‍കിയതാണ്. ഈ ഭൂമിയില്‍ നിന്നും അവര്‍ തന്‍റെ അഞ്ച് മക്കള്‍ക്ക് ഭൂമി വീതിച്ചു നല്‍കി. ഇതില്‍ ഇളയ മകനായ ഇസ്മായീലിന് 26 സെന്റ്‌ ആണ് നല്‍കിയത്.

ഇയാള്‍ പന്ത്രണ്ട് വര്‍ഷക്കാലം വിദേശത്ത് ജോലിയുമായി കുടുംബ സമേതം താസിക്കുകയായിരുന്നു. തന്‍റെ ഭൂമിക്ക് വില്ലേജില്‍ കരം അടയ്ക്കുകയും ചെയ്തുപോന്നു. നിലവില്‍ ബാങ്കിൽ നിന്നും ലോൺ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം സമർപ്പിക്കാൻ ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റിനായി വില്ലേജിൽ ഇസ്മായീൽ സമീപിച്ചിരുന്നു. അപ്പോൾ ലഭിച്ച മറുപടി 26 സെന്റ്‌ ഭൂമിയിലെ 10 സെന്റ്‌ സ്ഥലം നിലവില്‍ ഇസ്മായീലിന്റെ കൈവശം അല്ല എന്നായിരുന്നു. പ്രസ്തുത ഭൂമിയില്‍ അയല്‍ വാസികള്‍ ഗേറ്റ് സ്ഥാപിക്കുകയും ഇന്റര്‍ ലോക്ക് പാകുകയും ചെയ്തിരുന്നു.

ഇസ്മയീലിന്റെ അവകാശവാദ പ്രകാരം തന്‍റെ പേരിലുള്ള 26 സെന്റ്‌ ഭൂമിയിലെ 10 സെന്റ്‌ സ്ഥലം സര്‍ക്കാര്‍ ഭൂമി എന്ന് കാണിച്ചാണ് വില്ലേജ് ഓഫീസര്‍ പ്രൊപ്പോസല്‍ തയ്യാറാക്കിയതും. സ്ഥലം ഉടമയുടെ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ട കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്ലേജ് ഓഫീസര്‍ തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇതിനെ സര്‍ക്കാര്‍ ഭൂമി എന്നാണ് കാണിച്ചിട്ടുള്ളത് എന്നുമായിരുന്നു.

വില്ലേജ് ഓഫീസര്‍ പറയുന്നത് പ്രകാരം തര്‍ക്കത്തിലുള്ള പത്തുസെന്റ്‌ ഒഴിവാക്കിയാണ് ഒരേക്കര്‍ ഭൂമിക്കുള്ള സ്കെച്ച് 142/ 1ല്‍ പെട്ട എല്‍.എ 57/ 88 സ്ഥലം യു.ബി ആയിഷയ്ക്ക് നല്‍കിയിട്ടുള്ളത് എന്നാണ്. അവിടെ ഒരു റെഡ് മാര്‍ക്കും സ്കെച്ചില്‍ വന്നിട്ടുള്ളതാണ്. പക്ഷെ ഈ സ്ഥലം അളക്കുമ്പോള്‍ അതില്‍ പത്ത് സെന്റിന്റെ കുറവുണ്ട്. ഈ കുറവ് വന്നിട്ടുള്ള ഭൂമി അയല്‍ വാസികള്‍ കയ്യേറിയ പത്തു സെന്റാണ് എന്നാണ് ഇസ്മായീല്‍ ആരോപിക്കുന്നത്. നിലവില്‍ റെഡ് മാര്‍ക്ക് ഉള്ളിടത്തോളം അത് സര്‍ക്കാര്‍ ഭൂമി ആണെന്ന് വില്ലേജ് ഓഫീസര്‍ പറയുന്നു.

താന്‍ 2014ല്‍ ആണ് വില്ലേജ് ഓഫീസറായി ഇവിടെ ചാര്‍ജ് എടുത്തതെന്നും താന്‍ ഫയല്‍ പഠിക്കുമ്പോള്‍ അത് സര്‍ക്കാര്‍ ഭൂമിയായി തന്നെയാണ് രേഖകളില്‍ ഉള്ളതെന്നും വില്ലേജ് ഓഫീസര്‍ ചാനല്‍ ആര്‍ ബിയോട് പറഞ്ഞു. രേഖകള്‍ പ്രകാരം മാത്രം നിയമ വിധേയമായി പ്രവര്‍ത്തിച്ച തന്റെ മേല്‍ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ ഇസ്മയീലിന് സിവില്‍ കേസ് ഫയല്‍ ചെയ്ത് ചോദ്യം ചെയ്യാവുന്നതാണെന്നും അദ്ദേഹം പറയുന്നു.

സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം എന്ന നിലയില്‍ തർക്ക ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജില്ലാ കളക്ടറെ വില്ലേജ് ഓഫീസര്‍ അറിയിക്കുകയും കളക്ടർ സ്ഥലം സന്ദർശിക്കുകയും ചെയ്തു. തുടർന്ന് രേഖകൾ ശരിയാണെന്ന് ബോധ്യപ്പെട്ട കളക്ടർ ഈ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ ഈ ഉത്തരവ് ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല. പ്രസ്തുത ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ ഹിയറിംഗ് നടക്കുകയാണ് എന്നും അത് അവസാനിച്ചാല്‍ നടപടികളിലേക്ക് കടക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.

ഉദ്യോഗസ്ഥര്‍ നിയമ വശവും പരാതിക്കാരന്‍ തന്റെ വശവും വിശദീകരിക്കുമ്പോള്‍ തന്നെ 142/ 1ല്‍ പെട്ട ഒരേക്കര്‍ സ്ഥലത്തില്‍ പത്തുസെന്റ്‌ എവിടെ എന്ന ചോദ്യം അവശേഷിക്കുകയാണ്. പട്ടയപ്രകാരം ഒരേക്കര്‍ ഭൂമി എന്ന് പറയുമ്പോഴും സ്കെച്ചില്‍ മാറ്റം വരുത്തി അതില്‍ സര്‍ക്കാര്‍ ഭൂമി ആക്കിയത് ആര് എന്ന ചോദ്യം ഉത്തരംകിട്ടാതെ ബാക്കിയാവുകയും ചെയ്യുന്നു.

0Shares