
കാസർകോട് ജില്ലയിലെ 244 സ്കൂളുകൾ പൂർണമായും ഹൈടെക്കായിമാറി. ഇവയില്‍ 182 എണ്ണവും സാധാരണക്കാരുടെകുട്ടികള്‍ കൂടുതലെത്തുന്ന സർക്കാർ സ്കൂളുകളാണ്. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിൽ ഹൈടെക് ലാബ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി 478 സ്കൂളുകളിലും ഉപകരണ വിതരണം പൂർത്തിയാക്കി. ഇവയിലും 200 എണ്ണവും സർക്കാർ മേഖലയിലുള്ളവയാണ്.

ഒന്നുമുതൽ പ്ലസ്‌ടു വരെയുള്ള പൊതുവിദ്യാലയങ്ങളിൽ ഇതുവരെ വിന്യസിച്ചത് 5533 ലാപ്ടോപ്പുകളും 4707 യുഎസ്ബി സ്പീക്കറുകളും 3294 പ്രോജക്ടറുകളും 2016 മൗണ്ടിങ് കിറ്റുകളും 1069 സ്ക്രീനുകളുമാണ്. ഇതിനുപുറമെ 43 ഇഞ്ചിന്റെ 244 എൽഇഡി ടെലിവിഷൻ, 244 മൾട്ടിഫങ്‌ഷൻ പ്രിന്ററുകൾ, 244 ഡിഎസ്എൽആർ ക്യാമറ, 244 എച്ച്ഡി വെബ്ക്യാം എന്നിവയും സ്കൂളുകളിൽ വിന്യസിച്ചു.
കിഫ്ബിയിൽനിന്നും 27.94 കോടി രൂപയാണ് ജില്ലയിലെ ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികൾക്ക് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറിക്കാണ് സർക്കാർ മേഖലയിൽ കൂടുതൽ ഉപകരണങ്ങൾ ലഭിച്ചത്. 54 ലാപ്ടോപ്പും 35 പ്രോജക്ടറും ഇവർക്ക് നൽകിയപ്പോൾ എയ്‌ഡഡ് സ്കൂളുകളിൽ മുന്നിലുള്ള നായന്മാർമൂല ടിഐഎച്ച്എസ്എസിന് 96 ലാപ്ടോപ്പും 76 പ്രോജക്ടറും അനുവദിച്ചു.
എല്ലാ അധ്യാപകർക്കും പ്രത്യേക ഐ.ടി പരിശീലനവും നൽകി. പാഠഭാഗങ്ങൾ ക്ലാസ്മുറിയിൽ ഡിജിറ്റൽസംവിധാനമുപയോഗിച്ച് കൈകാര്യം ചെയ്യാൻ “സമഗ്ര’ പോർട്ടലും ഒരുക്കി. രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ “ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി ജില്ലയിൽ 119 സ്കൂളുകളിൽ ഹൈടെക് സ്കൂൾ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. എല്ലാ ഉപകരണങ്ങൾക്കും അഞ്ച് വർഷത്തെ വാറണ്ടിയും ഇൻഷുറൻസ് പരിരക്ഷയും പരാതി പരിഹാരത്തിന് പ്രത്യേക കോൾ സെന്ററും വെബ് പോർട്ടലും കൈറ്റ് ഏർപ്പെടുത്തി.
