കാസര്‍കോട്: കോടതികളില്‍ കേസുകള്‍ തീര്‍പ്പാകാതെ അനന്തമായി കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. കാസര്‍കോട് സബ് കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ അതിവേഗം നീതി ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാകണം. ഇതിനായി അദാലത്തുകള്‍ സംഘടിപ്പിക്കണം. രാജധാനി ട്രെയിനിന് കാസര്‍കോട് സ്റ്റോപ് അനുവദിക്കുന്നതിന് റെയില്‍വെ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ച് വരുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
കോടതി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയ് അധ്യക്ഷനായി.
റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് എസ്.മനോഹര്‍ കിണി സ്വാഗതവും കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ.സി അശോക് കുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വജ്രജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരിണകയുടെ പ്രകാശനവും നടന്നു. വജ്ര ജൂബിലിയോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കാസര്‍കോട് ജില്ലയിലെ കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ പി.സദാശിവം