കാസര്‍കോട് ഗ്രാനൈറ്റ് കടയില്‍ വന്‍മോഷണം; അന്വേഷണം ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരെ കേന്ദ്രീകരിച്ച്.

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ഗ്രാനൈറ്റ് കടയില്‍ വന്‍മോഷണം; അന്വേഷണം ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരെ കേന്ദ്രീകരിച്ച്.

കാസര്‍കോട്: കാസര്‍കോട്ടെ അക്വാ ഗ്രാനൈറ്റ് കടയുടെ മേശവലിപ്പില്‍ നിന്നും ഒരുലക്ഷത്തി പതിനെട്ടായിരം രൂപ മോഷണം പോയി. ദേശീയ പാതയില്‍ നുള്ളിപ്പാടിയിലെ ഗ്രാനൈറ്റ് കടയില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് മോഷണം നടന്നത്. ഗ്രാനൈറ്റ് കഷണം വാങ്ങാനെന്ന പേരില്‍ രണ്ടുപേര്‍ കടയില്‍ എത്തിയിരുന്നു. മാന്യമായി പെരുമാറിയ ഇവര്‍ ഹിന്ദിയാണ് സംസാരിച്ചതെന്ന് കടയുടമ പറഞ്ഞു.

ഗ്രാനൈറ്റുകള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ഇവരില്‍ ഒരാള്‍ കടയിലുള്ളവരോടൊപ്പം ഗ്രാനൈറ്റ് കഷണം തിരഞ്ഞെടുക്കാന്‍ നടന്ന് നീങ്ങിയവേളയില്‍ കൂടെ ഉണ്ടായിരുന്ന മറ്റൊരാള്‍ യാതൊരു സംശയവും തോന്നാത്തവിധം തന്ത്രപൂര്‍വ്വം ഓഫീസിലെ പൂട്ടിയിട്ട മേശവലിപ്പ് സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് തുറന്ന് പണം മോഷ്ടിച്ച് അപ്രത്യക്ഷനാകുകയായിരുന്നു. പണം നഷ്ടമായതിന് ശേഷം ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിഫലമാവുകയാണ് ഉണ്ടായത്. പണവുമായി കടന്നുകളഞ്ഞത് ഇവരാണെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് കടയിലെ അക്കൗണ്ടന്റ് ഉമ്മര്‍ ഫാറൂഖ് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. അതേതുടര്‍ന്ന് സ്ഥലത്തെത്തിയ കാസര്‍കോട് പോലീസ് ഇതുസംബന്ധിച്ച കേസെടുത്ത് ഊര്‍ജ്ജിതമായ അന്വേഷണം നടത്തി വരികയാണ്.

 

0Shares